ദേവനന്ദ 8 [വില്ലി]

Posted by

ഒരു വൻ പേമാരിക്കും മുൻപുള്ള ഇടിമിന്നലിന്റെ പ്രകമ്പനം പോലെ  ആയിരുന്നു എന്റെ നെഞ്ചിൽ ആ വാക്കുകൾ തറച്ചത്.  ദേവു എന്ത് അറിയരുതെന്ന് ഞാൻ  ആഗ്രഹിക്കുന്നുവോ അതെ കാര്യമറിയിക്കാൻ ആണ് ഇവരും ഇന്ന് ദേവുവിനെ തേടി എത്തിയത്…..  അറിയാതെ തന്നെ ഞാൻ ഇരുന്നിടത്തു നിന്നു എഴുന്നേറ്റ് പോയി…  എന്റെ ഉള്ളം പുളയുക ആയിരുന്നു.

 

” അയാള് കൊന്നു മോനെ..  എന്റെ അജയേട്ടനെ.  എന്റെ ദേവുമോളുടെ അച്ഛനെ…..  കുടിച്ചു ലക്കുകെട്ട് എന്റെ ശരീരത്തിൽ പടർന്നു കയറിയ ആ നിമിഷം അയാളെന്നോട് പറഞ്ഞു ചിരിച്ച ഒരു  തമാശ… എന്റെ കഴുത്തിലെ താലി അയാൾ അറുത്തെന്നു…….  …..  ”

 

നിമിഷങ്ങളോളം എന്തൊക്കെയോ പുലമ്പികൊണ്ടവർ കണ്ണുനീർ ഒഴുകി.  അവരെ ആശ്വസിപ്പിക്കാൻ പോന്ന വാക്കുകൾ ഒന്നും എന്റെ പക്കൽ ഉണ്ടായിരുന്നില്ല.

” ആരോടും പറയാൻ വയ്യ..  പറഞ്ഞെന്നറിഞ്ഞാൽ അയാൾ എന്നേം കൊല്ലും.. എല്ലാവരേം കൊല്ലും..    പേടിയാണെനിക്കയാളെ…എല്ലാറ്റിനും കാരണം ഈ ഞാൻ ആണ് .അജയേട്ടന് ഈ ഗതി വരാൻ കാരണവും ഞാൻ ആണ്.. … ..എല്ലാം എനിക്ക് എന്റെ മോളോട് ഏറ്റു പറയണം. എല്ലാം ഏറ്റു പറഞ്ഞു എനിക്കാ കാലിൽ വീണു മാപ്പിരക്കണം..   ”

 

അവരുടെ വാക്കുകളിൽ അത്രയും ആത്മാർഥത നിറഞ്ഞതായി എനിക്ക് തോന്നി.  എങ്കിലു ദേവുവിനെ കാണാൻ അവരെ അനുവദിക്കാൻ അപ്പോളും എന്റെ മനസ് അനുവദിക്കുന്നുണ്ടായിരുന്നില്ല…..

ഏറെ നേരം ഞങ്ങൾ മൗനം പാലിച്ചു..  അവർ ദേവുവിനെ കാണാതെ പോവില്ലെന്നു എനിക്ക് ഉറപ്പായിരുന്നു.  പക്ഷെ ദേവു ഒരിക്കലും അറിയാൻ പാടില്ലെന്ന് ഞാൻ കരുതുന്ന സത്യം ആണവർ മനസ്സിൽ സൂക്ഷിക്കുന്നത്.  പക്ഷെ അതൊരിക്കലും എന്റെ ദേവു അറിയരുത്…..

 

അത്രയും നേരത്തെ മൗനത്തിന് ഞാൻ വിരാമം ഇട്ടു…

 

” എനിക്കറിയാം…  അച്ഛൻ ഇനി മടങ്ങി വരില്ലെന്ന്…. ആ രാഘവൻ അച്ഛനെ……..  ”

വാക്കുകൾ മുഴുവിപ്പിക്കാനാവാതെ ഞാൻ തല കുനിച്ചിരുന്നു.  അതിശയം കലർന്ന ഭാവത്തോടെ അവരെന്നെ നോക്കി…

 

” പക്ഷെ…  എന്നെങ്കിലും തിരിച്ചു വരുമെന്ന് കരുതി കാത്തിരിക്കുന്ന അവളോട് ഞാൻ എങ്ങനെ പറയാൻ ആണ് ഇനി അച്ഛൻ മടങ്ങി വരില്ലെന്ന്?  അവളുടെ പ്രതീക്ഷകളും സന്തോഷങ്ങളും തല്ലി കെടുത്താൻ എനിക്ക് ആവില്ല….. ”

Leave a Reply

Your email address will not be published. Required fields are marked *