പാർവ്വതി ✍️അൻസിയ✍️

Posted by

അയയിൽ നിന്നും തോർത്ത് എടുത്ത് തലയിൽ ചുറ്റി താഴേക്ക് ഇറങ്ങുന്ന അച്ഛനെ അവൾ സങ്കടത്തോടെ നോക്കി… ഒരു പണിക്കും പോകാൻ ചേട്ടനും അനിയനും സമ്മതിച്ചിരുന്നില്ല അവർ പോയ അന്ന് തുടങ്ങിയ പണിയാണ്… അറിയാവുന്നതെല്ലാം ചെയ്യുന്നുണ്ട് ഒരേ ഒരു ലക്ഷ്യമേ അയാൾക്ക് കാണു അത് തന്റെ മകൻ ഇറക്കി കൊണ്ടുവന്ന പെണ്ണ് പട്ടിണി കിടക്കരുത് എന്ന ലക്ഷ്യം… താൻ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൾ അറിഞ്ഞു… അല്ല ഇന്നത്തെ ദിവസം അച്ഛൻ മറന്നോ അതോ അങ്ങനെ പെരുമാറുന്നതോ… മറക്കാൻ ഒരിക്കലും വഴിയില്ല അല്ലങ്കിലും എങ്ങനെ മറക്കാൻ ആണ് പോറ്റി വളർത്തിയ രണ്ട് ആണ്മക്കളും പാതി ജീവൻ ആയ ഭാര്യയും അല്ലെ പോയത്… തിരിച്ചു വീട്ടിലേക്ക് തന്നെ എന്തോ എടുക്കാൻ വന്ന അച്ഛനോടവൾ ചോദിച്ചു…

“അച്ഛാ ഇന്നത്തെ ദിവസം ഓർമ്മയുണ്ടോ….??

“എന്തിനാ മോളെ ഓർക്കാൻ ഇഷ്ടമല്ലാത്ത ദിവസം മാത്രം നമ്മൾ ആലോചിച്ചു ഇരിക്കുന്നത്…”

അതും പറഞ്ഞു കൊണ്ട് അയാൾ ഇറങ്ങി നടന്നു… അച്ഛൻ പറഞ്ഞതും ശരിയല്ലേ എന്തിനാ ആ ദിവസത്തിൽ മാത്രം അവരെ നമ്മൾ ഓർക്കുന്നത്… മറക്കുക അല്ലെ വേണ്ടത് ആ നശിച്ച ദിവസത്തെ ഓർമ്മകൾ… പറയാനും അശ്വസിപ്പിക്കാനും നല്ല സുഖമാ പക്ഷെ സ്വന്തം കാര്യം ആവുമ്പോ ഇതൊന്നും ബാധകമല്ല… ആശ്വസിപ്പിക്കാൻ പോയിട്ട് ഒന്ന് മിണ്ടാനും പറയാനും ഒരാൾ പോലും ഈ വീട് വരെ വരില്ല… നാട്ടുകാർക്ക് ശാപം പിടിച്ച വീടും വീട്ടുകാരും ആണ് … അവരെ പറഞ്ഞിട്ടും കാര്യമില്ല സത്യത്തിൽ അതൊക്കെ തന്നെയല്ലേ ഇവിടുത്തെ അവസ്‌ഥ… കയ്യിലെ കാലി ഗ്ലാസും എടുത്ത് അവൾ ഏന്തി വലിഞ്ഞ് അകത്തേക്ക് കയറി… അകത്തെ നിറം മങ്ങിയ അലമാര ചില്ലിൽ തന്റെ പ്രതിരൂപം കണ്ട് പാർവ്വതി ഒന്ന് നിന്നു… കണ്ണാടിയിൽ നോക്കി ഒരുങ്ങിയ കാലം മറന്നു തന്റെ രൂപം കണ്ട് അവൾക്ക് തന്നെ വെറുപ്പ് തോന്നി… ഇരുപത്തിരണ്ട് വയസ്സ് ആയ പെണ്ണ് കോലം കണ്ട അണ്ണാച്ചി പോലും അടുക്കില്ല അനീഷേട്ടൻ പിറകെ നടക്കുന്ന സമയത്ത് എത്ര പേരാണ് പ്രാപ്പോസലുമായി വന്നത് … സത്യം പറഞ്ഞാൽ അനീഷേട്ടന്റെ പിറകെ താനല്ലേ പോയത് .. എന്താണ് അയാളിൽ കണ്ട ഗുണം അങ്ങനെ ഗുണമെന്നു പറയാൻ ഒന്നുമില്ല പച്ചപാവം ഫ്രീക്കന്മാരുടെ ഇടയിൽ ഒരു സാധരണക്കാരൻ അത്രയേ കണ്ടുള്ളൂ.. പക്ഷെ വീട്ടുകാരും നാട്ടുകാരും നോക്കിയത് അവന്റെ ജാതി പണം എല്ലാമായിരുന്നു… താനൊരു നായർ കുടുംബം ഇവർക്ക് അടുത്തേക്ക് വരാൻ പോലും കഴിയാത്ത താഴ്ജാതി ഇതൊക്കെയാണ് അന്ന് വീട്ടിൽ സംസാര വിഷയം ആയിരുന്നത്…

Leave a Reply

Your email address will not be published. Required fields are marked *