ശ്രീഭദ്രം ഭാഗം 2 [JO]

Posted by

ശ്രീഭദ്രം ഭാഗം 2

Shreebhadram Part 2 | Author JO | Previous Part

 

ഒരു നിമിഷത്തെ പകപ്പ്…. അവനെ എങ്ങനെ തടയണം എന്നറിയാതെ ഞാൻ കുഴങ്ങി. തലച്ചോറിലേക്ക് ഇരുട്ട് കയറുന്ന പോലെ… ക്ലാസ്സിൽ ഒരാരവമാണ്. കോടീശ്വരപുത്രന്റെ പ്രണനായികയെ കാണാനുള്ള ത്വര. അതോ ഇവനും പ്രേമമോ എന്ന ചിന്തയോ???

അവനെന്തെങ്കിലും പറഞ്ഞാൽ…. അവളത് കേട്ടാൽ…. ദൈവമേ….

പ്ലീസ്…. ഇടക്കൊന്ന് എന്റെനേരെ പാളിനോക്കിയ അവനുനേരെ ഞാൻ കൈകൂപ്പി.

പക്ഷേ ആ അപേക്ഷ ഒരു പുച്ഛച്ചിരിയോടെ നിർദ്ദാക്ഷിണ്യം  അവൻ തള്ളുന്നത് ഒരു ഞെട്ടലോടെ ഞാൻ കണ്ടു. എന്റെ കണ്ണിൽ ഇരുട്ടു കയറി. വീണ്ടും അടികൊള്ളാൻ പോകുന്നു… വീണ്ടും നാറാൻ പോകുന്നു…. അവളുടെ വായിലിരിക്കുന്നത് മൊത്തം കേട്ട്, വീണ്ടുമൊരു കോമഡിപീസാവാൻ പോകുന്നു. ഉള്ളത് പറയാമല്ലോ,  ഒരു പോസിറ്റീവ് സിഗ്നൽ  കിട്ടുമെന്നുള്ള പ്രതീക്ഷ പോലും എനിക്കില്ലായിരുന്നു എന്നതാണ് സത്യം. അല്ലെങ്കിൽത്തന്നെ എന്നെ കാണുമ്പൊ ചെകുത്താൻ കുരിശുകാണുന്ന ഭാവമാണ് ആ ഭദ്രകാളിക്ക്….!!!. ഞാൻ നിന്നു വിയർത്തു.

ഞാനാകെ വിയർത്തുകുളിച്ചു. ഒരുവേള ഇറങ്ങിയോടിയാലോ എന്നുപോലും ചിന്തിച്ചു എന്നതാണ് സത്യം. അത്രത്തോളം ശോകമായിരുന്നു ആ സമയത്ത് എന്റെ മാനസികാവസ്ഥ. വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ചാടാൻ നിൽക്കുന്നപോലെ…

ഒരുവട്ടംകൂടി ഞാൻ അവനെയും അവളെയും ദയനീയമായി നോക്കി. അവൻ എന്നെത്തന്നെനോക്കി ഊറിച്ചിരിക്കുകയാണ്. എന്നാൽ അവളോ… അവളാകട്ടെ അങ്ങനെയൊരു സംഭവം ക്ലാസിൽ നടക്കുന്നത് പോലുമറിയാതെ എന്നവണ്ണം ആ ബുക്കും നോക്കി ഇരിക്കുന്നു.

ഇവളെന്താ ഐ.എ. എസിനു പഠിക്കുവാണോ???

ആ ദുരന്ത നിമിഷത്തിലും എന്റെ വിഷമത്തിൽ പങ്കുചേരാത്ത അവളോട് എനിക്ക് അതിയായ ദേഷ്യം തോന്നി. അതോ ഇനി അവള് അങ്ങനെയെങ്കിലും അറിഞ്ഞാലോ എന്നുള്ള ചിന്തയാണോ??? അതായത് ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ???!!!.

Leave a Reply

Your email address will not be published.