ഡിറ്റക്ടീവ് അരുൺ 9 [Yaser]

Posted by

”അങ്ങനെ ചോദിച്ചാൽ….. രാത്രി ഒരു പത്ത് മണിക്ക് മുമ്പ് ഇവിടെ രണ്ടു വണ്ടികൾ വന്നിരുന്നു. പിന്നീട് അവർ മടങ്ങിയത് ഏകദേശം അരമണിക്കൂറിനു ശേഷം ആണ്. അവർ എന്തിനാണ് വന്നത് എന്ന് ഞങ്ങൾക്കറിയില്ല.”

“പകൽ സമയത്ത് ആരെങ്കിലും വന്നിരുന്നോ.? അതായത് നിങ്ങൾ ഇവിടുന്ന് സ്കൂളിലേക്ക് ഇറങ്ങുന്നതിനു മുമ്പ്.”

“സോറി സർ അങ്ങനെയാരും വന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.”

“വേറെ എന്തെങ്കിലും വിവരങ്ങൾ നിങ്ങളിൽ നിന്ന് അറിയാൻ ഉണ്ടെന്നു തോന്നുമ്പോൾ ഞങ്ങൾ വീണ്ടും വരാം.” സ്വാമിനാഥൻ കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു. അവർ പുറത്തേക്ക് നടന്നു.

“സർ നമ്മൾ ഇനി സാവിത്രിയുടെ വീട്ടിലേക്കാണ് പോകുന്നത്.?” സ്വാമിനാഥൻ ലോഡ്ജിന്റെ പുറത്തേക്കിറങ്ങിയപ്പോൾ കൂടെ ഇറങ്ങി കൊണ്ട് രാമൻ ചോദിച്ചു.

“അതെ രാമേട്ടാ. നേരത്തെ അവരിൽ നിന്നും വാങ്ങിയ അഡ്രസ് കയ്യിൽ ഉണ്ടല്ലോ അല്ലേ.?”

“ഉണ്ട് സർ.” അയാൾ മറുപടി നൽകി.

ആ സമയത്താണ് അരുണിന്റെ ബൊലേറോ ലോഡ്ജിന് മുറ്റത്ത് എത്തിയത്. നന്ദൻ മേനോന്റെ വോയിസ് റെക്കോർഡർ തിരിച്ചു വയ്ക്കാൻ വന്നതായിരുന്നു അരുൺ.

പോലീസ് ജീപ്പിന്റെ കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ ഒരുങ്ങിയ സ്വാമിനാഥൻ അരുണിനെ കണ്ടതോടെ വണ്ടിയിൽ കയറാതെ പുറത്തു തന്നെ നിന്നു.

വോയിസ് റെക്കോർഡർ തിരിച്ചു വയ്ക്കാൻ വന്നതായിരുന്നതുകൊണ്ട് തന്നെ എസ് ഐ സ്വാമിനാഥനെ അവിടെ കണ്ടപ്പോൾ അരുൺ ഒന്നു പതറി.

എങ്കിലും അവൻ ബൊലേറോയിൽ നിന്നിറങ്ങി സ്വാമിനാഥൻ റെ അടുത്തേക്ക് തന്നെ ചെന്നു. “ഹായ് സർ.” അരുൺ അയാളെ അഭിസംബോധന ചെയ്തു.

“ഹായ് എന്താ ഈ നേരത്ത് ഇവിടെ.?” സ്വാമിനാഥൻ അരുണിനെ ചുഴിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.

“കൂട്ടത്തിലൊരാൾ മരണപ്പെട്ടതല്ലേ സർ. പരിസരത്തുള്ളവരോടൊക്കെ അതിനെക്കുറിച്ചൊന്നും തിരക്കാണെന്ന് കരുതി.” അരുൺ പെട്ടെന്ന് തന്നെ ഒരു നുണ തട്ടിക്കൂട്ടി എടുത്തു.

“അതൊരു ആത്മഹത്യയാണെന്ന് നിങ്ങളും വിശ്വസിക്കുന്നുണ്ടോ.?”

Leave a Reply

Your email address will not be published. Required fields are marked *