ഞാൻ ചുറ്റിലും നോക്കി ….എവിടെയാണ് ഇത് … ആശുപത്രി അല്ല ….അതേ… ഞാൻ ഇപ്പോൾ വീട്ടിൽ ആണ് ഉള്ളത്. കൈകൾ ഉയർത്തി നോക്കിയപ്പോൾ എവിടേയും കെട്ടുകൾ ഒന്നും ഇല്ല , പക്ഷേ കാലുകളിൽ ശക്തമായ വേദന …
“അമ്മേ” ഞാൻ നീട്ടി വിളിച്ചു. അമ്മ ഓടി വന്ന് എന്റെ നെറ്റിയിലും കവിളിലും തുറു തുരാ ചുംബനങ്ങൾ നൽക്കി. ആനന്ദ കണ്ണീർ തുടച്ചു കൊണ്ട് അമ്മ പറഞ്ഞു.
” 6 മാസം കഴിഞ്ഞാണ് എന്റെ മോൻ കണ്ണ് തുറക്കുന്നത്. ” ഞാൻ അമ്പരന്ന് പോയി. കൈകുത്തി എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ച എന്നെ അമ്മ തടഞ്ഞു.
“വേണ്ട, ഇപ്പോൾ എഴുന്നേൽക്കാൻ ശ്രമിക്കേണ്ട, ഒരു മാസം കഴിഞ്ഞേ ഇവിടെ നിന്നും എഴുന്നേൽക്കാൻ പറ്റു. ഡോക്ടർ ഇന്നല്ലെ രാവിലെ കൂടെ വന്ന് പറഞ്ഞിരുന്നു. മോനേ പിന്നേ ഒരു കാര്യം ….. മോൾ … ”
” അവൾ പോയി എന്നല്ലേ ?”
“ഉം” അമ്മ വിതുമ്പുവാൻ തുടങ്ങി.
” കരയേണ്ട അമ്മേ ….. അവൾ എവിടേയും പോയിട്ടില്ല… എന്റെ മരണം വരെ അവൾ എന്റെ കൂടെ ഉണ്ടാവും … അവളുടെ കൂടെ പോകുവാൻ വേണ്ടി ആണ് അന്ന് ഞാൻ ചാടിയത് …. പക്ഷേ അമ്മ ഇവിടെ ഉള്ളത് കൊണ്ടാവാം അവൾ എന്നെ കൊണ്ടു പോയില്ല….” ഞാൻ നിറകണ്ണുകളോടെ അമ്മയെ നോക്കി പറഞ്ഞു.
” അമ്മയുണ്ട് മോന്” അമ്മയുടെ കൈകൾ എന്റെ നെറ്റിയിൽ തലോടി കൊണ്ടിരുന്നു.
” അവളുടെ ഉപ്പയും ഉമ്മയും ? ”
” അവർ ഇവിടം വിട്ടു പോയി ”
………………………………….
പിന്നീട് കാലുകൾക്കും ശരീരത്തിനും ബലം വെച്ച ശേഷം ഒരു ഊന്നുവടിയുടെ സാഹായത്തോടെ ഞാൻ സിറാജിനൊപ്പം അവളെ മറമാടിയ ഖബറിടത്തിലേക്ക് പോയി. കാട് പിടിച്ച ധാരളം കബറുകൾകിടയിൽ നടന്ന് കറുത്ത മാർമ്പിൾ കൊണ്ട് രണ്ട് വശത്തും അടയാളമിട്ട ഒരു മൈലാഞ്ചി ചെടി കാറ്റിൽ നിന്ന് ആടുന്ന കബറിടത്തിനടുത്ത് അവൻ എന്നെ കൊണ്ട് വന്ന് നിർത്തി.