മൃഗം 28 [Master]

Posted by

“എന്തൊരു മറിമായം ആണ്..എന്ത് പറ്റിയതാണ് അവനെന്ന് ഒരു പിടിയുമില്ലല്ലോ..” നായയെ കുഴിച്ചിട്ട ശേഷം കബീര്‍ മറ്റുള്ളവരോട് പറഞ്ഞു.
“ആരെങ്കിലും ഉള്ളില്‍ കയറിയതിന്റെ ലക്ഷണവും ഇല്ല. എന്നാലും എല്ലാടവും ഒന്ന്‍ പരിശോധിച്ചേക്കാം”
അവര്‍ ടോര്‍ച്ചുമായി വീടിന്റെ ചുറ്റും ഒന്ന് കറങ്ങി. പ്രത്യേകിച്ച് ഒന്നും കാണാതെ വന്നതിനാല്‍ അവര്‍ വീട്ടിലേക്ക് തിരികെ കയറി കതകടച്ചു. സ്ത്രീകള്‍ ആകെ ഭയന്നിരുന്നു.
“എനിക്കെന്തോ പേടി തോന്നുന്നു വാപ്പച്ചി..” റാവുത്തരുടെ മകള്‍ ഭീതി നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.
“എന്ത് പറ്റി എന്നറിയില്ലല്ലോ മോളെ അവന്..ഒരു ചെറിയ മുറിവ് പോലും ദേഹത്തില്ല. എന്ത് കണ്ടാണ്‌ അവന്‍ കുരച്ചത് എന്നും മനസിലാകുന്നില്ല..ഛെ..”
റാവുത്തര്‍ അസ്വസ്ഥതയോടെ മുറിയില്‍ അങ്ങുമിങ്ങും ഉലാത്തിക്കൊണ്ട് പറഞ്ഞു. കുറെ നേരം അവര്‍ നായയെപ്പറ്റി സംസാരിച്ചിരുന്നു. പലരും പല അഭ്യൂഹങ്ങളും പങ്കു വയ്ക്കുകയും ചെയ്തു. ഏതാണ്ട് പന്ത്രണ്ടുമണി ആയപ്പോള്‍ ഉറക്കം കണ്ണുകളെ തലോടാന്‍ തുടങ്ങിയതോടെ എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി.
കബീര്‍ തന്റെ മുറിയില്‍ കയറി ലൈറ്റ് ഓഫാക്കി കട്ടിലിലേക്ക് വീണു. അവന്റെ മനസ്സിനെ ഭയം കീഴടക്കിയിരുന്നു. നായയുടെ ആ അപ്രതീക്ഷിതമരണം അവനെ മാത്രമല്ല, ആ വീട്ടിലെ എല്ലാവരെയും വല്ലാതെ ഉലച്ചിരുന്നു. ഒരു ദുര്‍ നിമിത്തം പോലെ അത് അവന്റെ മനസ്സിനെ വേട്ടയാടി. പലതവണ തിരിഞ്ഞും മറിഞ്ഞും കിടന്ന അവന്‍ അവസാനം മെല്ലെ കണ്ണുകള്‍ അടച്ചു.
മയക്കത്തിലേക്ക് വഴുതിവീണ കബീര്‍ ഏറെ താമസിയാതെ ഒരു ദുസ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നു. തന്നെ നോക്കി മാടി വിളിക്കുന്ന മുംതാസ്! ഞെട്ടിപ്പോയ അവന്‍ എഴുന്നേറ്റ് കിതച്ചുകൊണ്ട് കുപ്പിയില്‍ നിന്നും മടമടാ വെള്ളം കുടിച്ചു. അതെ..അവളെയാണ് താന്‍ കണ്ടത്. തന്നെ അരികിലേക്ക് വിളിക്കുന്ന കണ്ണുകള്‍ വൈരങ്ങള്‍ പോലെ കത്തുന്ന മുംതാസ്. അവളുടെ നിറവയര്‍ വരെ താന്‍ വ്യക്തമായി കണ്ടു. കബീര്‍ എസിയുടെ കുളിര്‍മ്മയിലും വിയര്‍ത്തു.
പുറത്ത് എവിടെയോ നിന്നും ഒരു പൂച്ചയുടെ വൃത്തികെട്ട കരച്ചില്‍ അവന്റെ കാതുകളില്‍ വന്നലച്ചു. നായയുടെ മരണവും മുംതാസിന്റെ ഭീതിപ്പെടുത്തുന്ന സ്വപ്നവും മൂലം ഭയത്തിന്റെ പടുകുഴിയിലേക്ക് വീണു പോയ കബീര്‍ ഇരുട്ടില്‍ ചുറ്റും നോക്കി. ആദ്യം ഒന്നും വ്യക്തമായിരുന്നില്ല എങ്കിലും അല്‍പ്പം കഴിഞ്ഞപ്പോള്‍ അവന്റെ കണ്ണുകള്‍ ഇരുട്ടുമായി മെല്ലെ പൊരുത്തപ്പെട്ടു. അപ്പോള്‍ അവന്‍ തന്റെ സമീപം നില്‍ക്കുന്ന ഒരു മനുഷ്യരൂപത്തെ കണ്ടു. വീണ്ടും വീണ്ടും കണ്ണ് ചിമ്മി ഇരുളുമായി അതിനെ പൊരുത്തപ്പെടുത്തി അവന്‍ നോക്കിയപ്പോള്‍ ആ രൂപം ഏതാണ്ട് വെളിപ്പെട്ടു വന്നു. തന്റെ സിരകള്‍ തളര്‍ന്നു ദുര്‍ബ്ബലമാകുന്നത് കബീര്‍ അറിഞ്ഞു. ഭയന്ന് വിറച്ചുപോയിരുന്ന അവന്‍ ഉറക്കെ ഒന്ന് നിലവിളിക്കാന്‍ വായ തുറന്നു എങ്കിലും ശബ്ദം തൊണ്ടയില്‍ കുരുങ്ങിപ്പോയി. അനങ്ങാനോ ശബ്ദിക്കാനോ സാധിക്കാതെ അടിമുടി വിറച്ച് മെല്ലെ തല പൊക്കി കബീര്‍ ആ രൂപത്തിന്റെ മുഖത്തേക്ക് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *