ആ… നീ വല്ലവന്റേം പൊറകേ നടന്നു നോക്ക്. അപ്പഴറിയാം. എനിക്ക് വിഷയം ബോറടിച്ചു തുടങ്ങിയിരുന്നു.
അവളെന്നെ ഒന്നിരുത്തി നോക്കി… ആ… നിനക്ക് റാങ്കുകിട്ടുമെന്നൊക്കെയാ പ്രൊഫസറുമാരു പറയുന്നേ.. എന്നാലും നീയൊരു മണ്ണുണ്ണിയായിപ്പോയല്ലോടാ…
ഞങ്ങളെണീറ്റു. പതിവില്ലാതെ അവളെന്റെ കയ്യിൽ കൈകോർത്ത് എന്നോടു ചേർന്നു നടന്നു. അവളുടെ മാർദ്ദവമുള്ള ദേഹം മേത്തുരുമ്മിയപ്പോൾ എന്തോ ഒരു സുഖം തോന്നി.
കൊറച്ചു നടന്നാലോടീ? ഞാൻ ബീച്ചിലേക്ക് തിരിഞ്ഞു. അവൾ കുനിഞ്ഞ് വള്ളിച്ചെരുപ്പുകളഴിച്ച് എന്നെക്കൊണ്ട് പിടിപ്പിച്ചു. ഞാനെന്റെ ചെരുപ്പുകളും അഴിച്ചു പിടിച്ചു.
വല്ല ചക്രവർത്തിനീമായിരുന്നേല് പുഷ്പപാദുകം ഞാൻ സന്തോഷത്തോടെ ചുമന്നേനെ… ഇതിപ്പം നിന്റെ ചെരുപ്പുമെടുത്തു നടക്കണ്ടി വന്നല്ലോടീ.. ഞാൻ സങ്കടസ്വരത്തിൽ പറഞ്ഞു.
ആക്കല്ലേ മോനേ! എന്റെ ചെരുപ്പു ചുമക്കാൻ ലൈനായി ആമ്പിള്ളാരു നിപ്പൊണ്ട്! നിനക്കെന്തറിയാം! പതിവുപോലെ നോവിക്കുന്ന നുള്ളായിരുന്നു അവളുടെ നന്ദിപ്രകടനം!
തിരകളുമ്മവെച്ചു നനഞ്ഞ, കാലടികൾ താഴ്ന്നുപോവാത്ത തീരത്ത് ഞങ്ങൾ അധികമൊന്നും മിണ്ടാതെ നടന്നു. സൂര്യൻ പാതി താണിരുന്നു. അവളുടെ കൈ എപ്പോഴോ എന്റെയരയിൽ ചുറ്റി. ഇത്തിരി തണുപ്പുള്ള കാറ്റിൽ അവളൊന്നു കിടുത്തപ്പോൾ ഞാനവളെ ചുമലിൽ പിടിച്ചടുപ്പിച്ചു. പഴയ ഷൂവണിയുന്ന സുഖമായിരുന്നു. കാൽപ്പാദങ്ങളുടെ വളവുകളും ഒടിവുകളുമറിഞ്ഞ് വഴങ്ങി ആലിംഗനം ചെയ്യുന്ന പഴയ, എത്രയോ ചുവടുകൾ ഒപ്പം വെച്ച സഹചാരി. മെല്ലെ നടന്ന് ബൈക്കിന്റെയടുത്തെത്തി. കാറ്റിൽ പാറിയ അവളുടെ മുടിയിഴകളിലൂടെ ഞാൻ വിരലുകളോടിച്ചു.
എന്താടാ? അവൾ മുഖമുയർത്തി എന്റെ കണ്ണുകളിൽ നോക്കി.
ഒന്നൂല്ലെടീ. നീയാ ബൈക്കിലോട്ടു കേറിയിരുന്നേ. ഞാൻ മുട്ടിലമർന്ന് അവളുടെ നനഞ്ഞ കാലടികളിൽ പറ്റിയ മണ്ണു തുടച്ചു കളഞ്ഞിട്ട് ഓരോ ചുവന്ന കാല്പാദങ്ങളിലും ചെരുപ്പുകളണിയിച്ചു. അവളുടെ വിരലുകൾ എന്റെ മുടിയിലിഴഞ്ഞു. ഞാൻ മുഖമുയർത്തി നോക്കിയപ്പോൾ അവളെന്നെത്തന്നെ ഉറ്റുനോക്കുന്നു!