ഇടയ്ക്കെല്ലാം ജീവിതത്തിലെ കുരിശ്… സീമ ഇടപെടും. സിനിമയ്ക്കു കൊണ്ടു ഡ്രോപ്പു ചെയ്യുക, റെസ്റ്റോറന്റിൽ അവളെ കൊണ്ടെത്തിക്കുക, ഷോപ്പിങ്ങിനു വിടുക…. പിന്നെ തിരിച്ചു കൊണ്ടുവരിക, ചെലപ്പോഴെല്ലാം അവളുടേയും സഖിമാരുടേയും അമ്പുകളേറ്റ് നിരായുധനായി ചോരയൊലിപ്പിക്കുക…. അങ്ങനെയെന്തെല്ലാം കലാപരിപാടികൾ!
ജീവിതമങ്ങിനെ സുന്ദരമായി അനുസ്യൂതം പുരോഗമിക്കവെ ഒരു വലിയ വേദന തലയിലേക്ക് വന്നു കേറി! സീമയുടെ പുതിയ കലാപരിപാടിയായ പ്രേമനാടകങ്ങളിൽ ഹംസത്തിന്റെ വേഷം! വിശദീകരിച്ചാൽ സന്ദേശവാഹകൻ! ഒരു മാതിരിയുള്ള എല്ലാ കാര്യങ്ങൾക്കും എറാൻ മൂളുന്ന ഞാനൊന്നു പ്രതിഷേധിക്കാൻ ശ്രമിച്ചു. അവളതു നിർദ്ദയം അവഗണിച്ചു. പാവം കാമുകവേഷധാരികൾ… ഈയാം പാറ്റകൾ! ചിറകു കരിഞ്ഞ് ചോരയൊലിച്ചു മോങ്ങുന്ന അവന്മാരുടെ സങ്കടങ്ങൾ കേൾക്കണ്ട ഗതികേടുമുണ്ടായി.
നിനക്കു ഹൃദയമുണ്ടോടീ? ലേറ്റസ്റ്റ് കറിവേപ്പിലയുടെ വിലാപങ്ങൾ കേട്ടു വശം കെട്ടു ഞാനൊരിക്കൽ ചോദിച്ചു. കടൽക്കാറ്റിന്റെ ഉപ്പുരസവും കക്കകൾ കലർന്ന ഈർപ്പമുള്ള മണവും ഇരുന്ന റെസ്റ്റോറന്റിൽ ഞങ്ങളെ ചുറ്റിയിരുന്നു, തിരകളുടെ താളത്തിന്റെ പശ്ചാത്തലത്തിൽ..
ഹൃദയമോ? അതെന്തു കുന്തമാടാ! അവളെന്നെ ആക്കിച്ചിരിച്ചു. പോടീ… ആ പാവം റാം വന്ന് കരഞ്ഞു വിളിച്ചു.
ഓ അതു വല്ല്യ കാര്യമൊന്നുമല്ലടാ. മൂന്നിന്റന്ന് ആ വായ്നോക്കി അടുത്തവളുടെ പൊറകേ പൊക്കോളും. അവൾ ചുമലുകൾ കുലുക്കി.
അല്ല, നിനക്കെന്തിന്റെ കേടാ? നീയെന്തിനാടീ സീരിയസ്സല്ലേല് ഇവമ്മാരെയിട്ടു കൊരങ്ങുകളിപ്പിക്കുന്നത്? ഞാനവളെ കുറ്റപ്പെടുത്തി.
ഹ! നീ പറയണകേട്ടാത്തോന്നും ഞാനിവമ്മാരുടെ പൊറകേ നടന്നിട്ടാന്ന്! അവമ്മാരല്ലേടാ ഒലിപ്പിച്ചോണ്ടു വരുന്നേ? പാവം തോന്നി കൊറച്ചു കരുണ കാണിച്ചതാ ഇതിപ്പോ… അവളു കെറുവിച്ചു.
ആ എനിക്കൊന്നുമില്ല. നീയായി, നിന്റെ അവന്മാരായി നിങ്ങളുടെ പാടായി… ഞാൻ കൈ മലർത്തി. ദയവായി എന്നെയൊന്നൊഴിവാക്കിത്താടീ!
അവളു പെട്ടെന്ന് മുന്നോട്ടാഞ്ഞിരുന്നു. നീയങ്ങനെ ചുളുവില് ഊരിപ്പോണ്ടടാ. ഹോ! ഇപ്പം ചേച്ചിയാണേല് ദേ… അവൾ കുഞ്ഞുവിരൽ പൊക്കിക്കാണിച്ചു…. ഒന്നു ഞൊടിക്കണേനു മുന്നേ നീ വാലാട്ടി ചെന്നേനേ! ഫോർക്കെടുത്ത് എന്റെ കയ്യിലവൾ ഇത്തിരി നോവിച്ചുകൊണ്ട് കുത്തി.