ഒന്നെണീറ്റു റഡിയാവടാ. അങ്ങോട്ടല്ല, ദേ ഇങ്ങോട്ട്… കണ്ണും തിരുമ്മി ഉമ്മറത്ത് പത്രവും ചായയും വിഴുങ്ങാനായി ഓട്ടോപൈലറ്റിൽ ചലിക്കുന്ന എന്നെ അവൾ എന്നും ദിശ മാറ്റി കുളിമുറിയിലേക്ക് തള്ളും. പിന്നെ ഞാൻ ഊണുമുറിയിൽ ഹാജരാവുമ്പോൾ അവളും കാണും. അമ്മായീടെ പാചകം അവൾക്കിഷ്ടമല്ല! അമ്മയ്ക്കാണെങ്കിൽ മുടിഞ്ഞ കൈപ്പുണ്യവും. അപ്പോഴേക്കും ചുരീദാറോ, സാരിയോ…എന്തിലേക്കെങ്കിലും മാറിക്കാണും. അലസമായി ഒതുക്കിയിട്ട മുടി. എന്നെ നോക്കുമ്പോൾ കണ്ണുകളിൽ കുന്തമുനകൾ!
എന്റെ ചിറ്റേ വല്ല വൃത്തിയുള്ള വേഷോം ഇവനിട്ടൂടേ? കോളേജിലിവനെ എന്റെ കൂട്ടുകാരികളെന്താ വിളിക്കണേന്നോ? “ഭിക്ഷു”! അവളൊരിക്കൽ അമ്മയോടു പറയുന്നതു കേട്ടു. കുനിഞ്ഞിരുന്ന് ദോശയും ചമ്മന്തിയും വെട്ടിവിഴുങ്ങുന്നതിനിടയിൽ ഞാനതവഗണിച്ചു.
എന്താടീ അത്? അമ്മയുടെ കുശലാന്വേഷണം! ഒറ്റ മോനാണെങ്കിലും ഒരു മുതിർന ആളെപ്പോലെയായിരുന്നു നമ്മടെ അച്ഛനും അമ്മയും എന്നോടൊള്ള സമീപനം. വലിയ ലാളിക്കലോ, ശിക്ഷിക്കലോ.. ഒന്നുമില്ല. വീട്ടിൽ ആരും വന്നു പരാതി പറയരുത്. മൂപ്പിലാന്റെ മിനിമം ഡിമാന്റ്!
ഹ! ഈ ചിറ്റയ്ക്കു കണ്ണില്ലേ! ഉടുത്തിരിക്കുന്ന കുപ്പായോം ജീൻസും! വല്കലോം മരവുരീം! താടീം നെറ്റീലോട്ടു കെടക്കണ മുടീം… ആ തിരുമോന്ത കാണാമ്പോലുമില്ല! ഒരു പാത്രോം കയ്യില് പിടിപ്പിച്ച് ആ അമ്പലത്തിന്റെ തിണ്ണേലോട്ടിരുത്തിയാല് നല്ല തുട്ടു വീഴും! ചിറ്റേം മോളും കൂടി കൂട്ടച്ചിരി! ഞാനൊരു കൂസലുമില്ലാതെ ചാപ്പാടും അകത്താക്കി, ചായേം കുടിച്ചു. സങ്ങതിയെന്താണെന്നു വെച്ചാൽ ചേമ്പെല പോലത്തെ തൊലിയാണ്. ഒട്ടു മുക്കാൽ കാര്യങ്ങളും തൊടാതങ്ങൊഴുകിപ്പൊക്കോളും!
കണ്ടില്ലേ ചിറ്റേ …ഇങ്ങനെ ഉളുപ്പില്ലാത്തവനായിപ്പോയല്ലോ ഇവൻ! അവളെന്റെ ചെവിക്കു പിടിച്ചു തിരുമ്മി.
അമ്മയ്ക്കതൊന്നും ഒരു വിഷയമേയല്ല. പുള്ളിക്കാരി പാത്രങ്ങളും എടുത്തുമാറ്റി സ്വന്തം പണികളിൽ മുഴുകും. നമ്മടെ കുഞ്ഞു ഭദ്രകാളി എന്റെ ബൈക്കിന്റെ പൊറകില് മൂടൊറപ്പിച്ചുകൊള്ളും!
പിന്നെ കോളേജെത്തുന്നതു വരെ ചെവിയിൽ നിരന്തരമായ പ്രക്ഷേപണം. കാലാവസ്ഥ, പ്രധാനവാർത്തകൾ, കമ്പോളനിലവാരം (ഇതിനെയെല്ലാം പരദൂഷണം എന്നും പറയാം)… ദൈവം സഹായിച്ച് ഒറ്റ വാക്കങ്ങോട്ടു പറേയണ്ടതില്ല!
ഒറ്റയാനല്ലായിരുന്നെങ്കിലും കമ്പനി കുറവായിരുന്നു. ക്യാമ്പസിൽ അടുത്തുള്ള വലിയ ലൈബ്രറിയാണ് പ്രധാന താവളം. അടുത്തു കാന്റീനുമുണ്ടായിരുന്നു. സ്കൂളിൽ, പന്ത്രണ്ടുവരെ വലിയ പഠിപ്പിസ്റ്റൊന്നുമല്ലായിരുന്നു. ഇക്കണോമിക്സ് കയ്യിൽ കിട്ടിയപ്പോഴാണ് ശരിക്കും താല്പര്യം തോന്നിയ വിഷയം പഠിച്ചു തുടങ്ങിയത്. എന്താണെന്നറിയില്ല. അപ്പോഴേക്കും പഠനം യാതനയല്ല.. ആനന്ദമായിരുന്നു!