നിങ്ങൾ സംസാരിച്ചോളൂ. ഞാനിവനെയൊന്നു ശരിയാക്കട്ടെ! കേശവൻ ഗെയിമിലേക്കു തിരിഞ്ഞു.
എത്ര നാളായെടീ! അമ്മായി എവിടെ? ഊണുമുറിയിൽ അവൾ വിളമ്പിയ ഗോതമ്പുദോശ വിഴുങ്ങി ഞാൻ ചോദിച്ചു.
അമ്മ ചേച്ചീടെ കൂടെയാ. പിന്നെ കേശവേട്ടന് ഗോതമ്പുദോശ വല്ല്യ ഇഷ്ട്ടാണ്. അവളുടെ മറുപടി കേട്ടെന്റെ കണ്ണു നിറഞ്ഞു. അവളുടെ മുഖമെന്റെ മുന്നിൽ തെളിഞ്ഞും മങ്ങിയും തുടർന്നു.
എത്രയോ നേരം ഞങ്ങൾ വർത്താനം പറഞ്ഞും പറയാതെയും കഴിഞ്ഞു. ജീവിതത്തിലുണ്ടായ അസുഖകരമായ സംഭവങ്ങളുൾപ്പെടെ കൈമാറി. ഞങ്ങളെപ്പറ്റി മാത്രം ഒന്നും മിണ്ടിയില്ല.
ഞാൻ യാത്ര ചോദിച്ചില്ല. പകരം എത്രയോ വട്ടം അവരെ പോയിക്കണ്ടു. കേശവനുമായി ഒരു ഹൃദയബന്ധം രൂപപ്പെട്ടു. വേദനയനുഭവിച്ചിട്ടും, ഇനിയുള്ള ദിനങ്ങൾ കുറവാണെന്നറിഞ്ഞിട്ടും, കേശവൻ ചിരിക്കുന്ന മുഖമുള്ള ഒട്ടും വിഷാദത്തിലേക്ക് വഴുതാത്ത മനുഷ്യനായിരുന്നു. സീമയോടുള്ള സ്നേഹവും അവളുടെ കാരുണ്യം കലർന്ന വികാരവും മെല്ലെ എന്റെ മരത്തലയിലും കേറി. ഒന്നുരണ്ടുവട്ടം ഹരിയും ചേച്ചിയും കൂടെ വന്നിരുന്നു. മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ തമ്മിലൊന്നുമില്ല എന്ന മട്ടിൽ കൂളായി പെരുമാറിയ ചേച്ചി എന്നെ അമ്പരപ്പിച്ചു.
കേശവന്റെ വീട്ടീൽ ധാരാളം സ്വത്തും പിന്നെ നേരത്തേ വിരമിച്ചപ്പോഴുള്ള ബെനിഫിറ്റുകളും… ഏതായാലും സാമ്പത്തികം ഭദ്രമായിരുന്നു.. മണി കാൺട് ബൈ മി ലവ്… ബീറ്റിൽസിന്റെ പാട്ടോർമ്മ വന്നു.
തിരിച്ചു പോവണ്ട സമയമായി. അന്നാണ് സീമയുടെ കണ്ണുകൾ നിറഞ്ഞത്. നീ… ഒള്ളതൊരു ധൈര്യമായിരുന്നു… അഹ് സാരമില്ല… അവൾ മുഖം തുടച്ചു. നീയവിടെ ഒറ്റയ്ക്കല്ലേ… എന്തിനാടാ… നീ നാട്ടിലേക്ക് വാ.. അവൾ പഴയ കാരണവത്തിയായി.
നോക്കട്ടേടീ. ഞാൻ കേശവനോടും അഭിയോടും യാത്രപറഞ്ഞിറങ്ങി. അഭിയെ പിരിഞ്ഞപ്പോൾ മനസ്സിലൊരു കൊളുത്തു വലിഞ്ഞപോലെ! എന്തോ… അറിയാതെയാണെങ്കിലും അവനുമായി ഞാനടുത്തിരുന്നു. ഇടയ്ക്കെല്ലാം അവനേയും പൊക്കി പാർക്ക്, ഐസ്ക്രീം, ത്രീഡി കാർട്ടൂൺ സിനിമകൾ.. അല്ലെങ്കിൽ വെറുതേ നടത്തം… എന്തോ അധികം സംസാരിക്കാത്ത … വാചാലമായ കണ്ണുകളുള്ള….അവനെന്റെ മനസ്സിൽ കേറിപ്പോയി.