നടന്നു ഞങ്ങൾ ചെറിയ പാർക്കിലെത്തി. രാവിലേ കിഴവന്മാർ, കിഴവികൾ, മദ്ധ്യവയസ്കർ, ചെറുപ്പക്കാർ… എല്ലാത്തരം പൊതുജനവും വെകിളി പിടിച്ചപോലെ മോണിംഗ് വാക്കിനു വരുന്നയിടം. അവരെ അലോസരപ്പെടുത്താതെ കുട്ടികൾ കളിക്കുന്നതിന്റെയടുത്ത് ഒരു ബെഞ്ചിൽ ഞങ്ങളിരുന്നു. അവളുടെ കൈ ഞാൻ കവർന്നു.
മിണ്ടാട്ടമില്ലാത്ത കുറച്ചു നിമിഷങ്ങൾ കൂടി കൊഴിഞ്ഞുവീണു. ഞാൻ ഊഞ്ഞാലാടുന്ന പിള്ളേരെയും നോക്കിയിരുന്നു. ചുറ്റിലും മരത്തിന്റെ കൊഴിഞ്ഞ നിറം മങ്ങിയ ഇലകൾ ഒരു കാർപ്പെറ്റു വിരിച്ചിരുന്നു.
അവസാനം അവളിൽ നിന്നൊരു ദീർഘശ്വാസം. നിനക്കറിയാമോ എന്നറിയില്ല. അച്ഛന്റെ പഴയ കൂട്ടുകാരനായിരുന്നു കേണൽ രാമചന്ദ്രൻ.. ഞങ്ങളുടെ രാമുവങ്കിൾ. പണ്ട് ഞാൻ ജനിക്കണേനു മുമ്പ് അച്ഛന്റെ ബിസിനസ്സ് പൊളിഞ്ഞ് ആത്മഹത്യ വരെ ചെയ്യാനൊരുങ്ങിയതാ. അങ്കിള് അന്ന് ആന്റീടെ പേരിലൊണ്ടായിരുന്ന പറമ്പു വിറ്റ് അച്ഛന്റെ കടം വീട്ടി. ഒറ്റമോനാ അങ്കിളിന്. കേശവേട്ടൻ. ചേച്ചീടെ പ്രായം.. വല്ല്യ ഇഷ്ടോമായിരുന്നു ചേച്ചീനെ പുള്ളിക്കും, പിന്നെ അവർക്കെല്ലാം. ചേച്ചിയെ കല്ല്യാണം കഴിക്കണം എന്നൊരാശയുമുണ്ടായിരുന്നു. പക്ഷേ അവള് ഇഷ്ട്ടപ്പെട്ട ആളിന്റെ കൂടങ്ങ് പോയി. ഈ കേശവേട്ടൻ ആണെന്നെ കെട്ടാൻ പോണത്. അച്ഛൻ അപേക്ഷിച്ചപ്പോൾ എനിക്കു മറുത്തൊന്നും പറയാൻ കഴിഞ്ഞില്ലെടാ. അങ്കിളിനും വയ്യാഴികയാ. നല്ല ആളാണ് കേശവേട്ടൻ… എന്നാൽ എന്റെ മനസ്സിലൊള്ള…. ആ പോട്ടെടാ. ഇതു നിന്നോടു മാത്രേ പറയാനൊക്കൂ എനിക്ക്. അവളെന്റെ ചുമലിൽ ചാരി. ഞങ്ങളൊന്നും മിണ്ടാതെ, സുഖമുള്ള നിശ്ശബ്ദതയിൽ മുഴുകി.. അവരവരുടെ ചിന്തകളിൽ ലയിച്ചിരുന്നു.
പിന്നെ ഞങ്ങൾ എണീറ്റു നടന്നു. അന്നും അടുത്ത ദിവസങ്ങളിലും കാര്യമായി ഇടപഴകാൻ കഴിഞ്ഞില്ല. ഒന്നുകിൽ അവളുടെ സഖികൾ കാണും ഒന്നു രണ്ട് പേര് എനിക്കറിയാവുന്നവർ ആയിരുന്നു. അവരടുത്തു വന്നു സംസാരിച്ചു. പിന്നെ അമ്മാവന്റെ കൂടെ ഓട്ടമായിരുന്നു. വിളിക്കാൻ പോവലും, ഹോളിന്റെ കാശു കൊടുക്കലും, പാചക്കാരെ ഏർപ്പാട് ചെയ്യുന്നതും, ഒരു നൂറു കൂട്ടം കാര്യങ്ങൾ. പലയിടങ്ങളിലും ഞാൻ ഒറ്റയ്ക്കാണ് പോയത്, ക്ഷണിക്കാൻ.