കുറ്റബോധം 11 [Ajeesh]

Posted by

പക്ഷെ അയാളിൽ നിന്ന് അവളുടെ ചിന്ത വേഗം തന്നെ മാറി… രേഷ്മ പെട്ടന്ന് അവൾ അകത്തേക്ക് കയറിപ്പോയി…
അയാൾ ഒന്ന് ശ്വാസം വിട്ടു…
എന്താടോ ആ കുട്ടി തന്നെ ഇങ്ങനെ നോക്കി പോയത്…?? കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു…
അയാൾ നിന്ന് പരുങ്ങി…
” ഏയ് ഒന്നും ഇല്ല… ”
അയാൾ ഒഴിഞ്ഞു മാറി…
പക്ഷെ എന്തോ ഉണ്ട് എന്നകാര്യം ചോദിച്ചയാൾക്ക് വ്യക്തമായിരുന്നു…
പക്ഷെ വീണ്ടും ചോദിച്ച് ഒരു സീൻ ഇവിടെ ഉണ്ടാക്കണ്ട എന്ന ചിന്ത അയാളെ അതില്നിന്ന് പിന്തിരിപ്പിച്ചു….
രേഷ്മ ചെരുപ്പ് ഊരി വച്ച് ഉമ്മറത്തേക്ക് കയറി…
അപ്പോഴാണ് ഇടത്തെ വശത്തുള്ള കാർ പോർച്ചിൽ ഒരു ബൈക്കിൽ കെട്ടിപ്പിടിച്ചു കൊണ്ട് കരയുന്ന മനുഷ്യനെ അവൾ കണ്ടത്…
രാഹുലിന്റെ അച്ഛൻ…
ആ മനുഷ്യന്റെ പ്രായത്തിലുള്ള ഒരു മനുഷ്യൻ ഇതുപോലെ കരയുന്നത് അവൾ ആദ്യമായിട്ടായിരുന്നു കാണുന്നത്… അയാളെ ആ ബൈക്കിൽ നിന്നും പിടി വിടീക്കാൻ കുറെ പേർ ശ്രമിക്കുന്നുണ്ട്… പക്ഷെ അയാൾ അവരെയൊക്കെ ശക്തിയായി വിലക്കി…
” മാറടാ…. ” അയാൾ അലറിവിളിച്ചു…
രേഷ്മ അകത്തേക്ക് നടന്നു…
അകത്ത് ഹാളിൽ രാഹുലിനെ തെക്ക് ദിക്കിലേക്ക് തല വച്ച് കിടത്തിയിട്ടുണ്ടായിരുന്നു…
അതിനോട് ചേർന്ന് 5 തിരിയിട്ട് തെളിയിച്ച ഒരു നിലവിളക്ക് വച്ചിരുന്നു… ഒപ്പം ഒരു നാക്കിലച്ചീന്തിൽ അൽപ്പം പച്ചരിയും ഒരു തുളസിക്കതിരും ഇരിക്കുന്നു…
നീണ്ടുനിവർന്നു കിടക്കുന്ന അവന് തണുക്കാതിരിക്കാണെന്നോണം ഒരു വെളുത്ത തുണി കൊണ്ട് അവനെ പൊതിഞ്ഞു വച്ചിരുന്നു…
താടിയെല്ല് കൂട്ടി കെട്ടിയതിനാൽ അവന്റെ മുഖത്തിന്റെ ആകൃതിയിൽ ചെറിയ മാറ്റം ഉണ്ടായിരുന്നു…
ആ കണ്ണുകൾ ആരോ അടച്ചിരുന്നു… അവന്റെ എപ്പോഴും പ്രകാശിക്കുന്ന ആ കണ്ണുകൾ ഇനി ആർക്കുവേണ്ടിയും പ്രകാശം പരത്തില്ല എന്ന സത്യം അവളെ വീണ്ടും ദുഃഖിതയാക്കി…
തന്റെ കാലുകൾ തളരുന്ന പോലെ രേഷ്മക്ക് തോന്നി
അതൊരു തോന്നാലായിരുന്നില്ല…
അവൾ പെടുന്നനെ നിലത്തിരുന്നു…
രാഹുലിന്റെ ‘അമ്മ ഉറക്കെ നിലവിളിക്കുന്ന ശബ്ദം അവളുടെ ചെവിയിൽ മുഴങ്ങി…

Leave a Reply

Your email address will not be published. Required fields are marked *