ഡിറ്റക്ടീവ് അരുൺ 6 [Yaser]

Posted by

“എന്റെ മകൾ രശ്മിയുടെ കാര്യം അറിഞ്ഞു കാണുമല്ലോ അല്ലേ.? എനിക്ക് നിങ്ങളെ ഒന്ന് നേരിൽ കാണണം. ഇങ്ങോട്ട് നിങ്ങൾക്ക് എപ്പോഴാണ് വരാൻ പറ്റുക.?” കർക്കശമായ സ്വരത്തിൽ ആയിരുന്നു പ്രേമചന്ദ്രന്റെ ചോദ്യം.

“ഒരു പത്ത് പത്തര മണിയാവുമ്പോൾ എത്താം സാർ.” അരുൺ കൈയിലെ വാച്ചിലേക്ക് സമയം നോക്കി കൊണ്ടു പറഞ്ഞു.

“ഇപ്പോൾതന്നെ ഒമ്പതര മണിയായി. അപ്പോൾ ഉടൻ തന്നെ പുറപ്പെടും അല്ലേ. ഇനി ഞാൻ വിളിച്ച് ഓർമപ്പെടുത്തേണ്ട കാര്യമില്ലല്ലോ.?” പ്രേമചന്ദ്രൻ വീണ്ടും ചോദിച്ചു.

“ഇല്ല സർ. ഇനി വിളിക്കണ്ട ആവശ്യമില്ല. ഞാനവിടെ എത്തിക്കോളാം.” അരുൺ ആ കാൾ ഡിസ്കണക്റ്റ് ചെയ്തു. എന്തുപറയാനാ ആയിരിക്കും പ്രേമചന്ദ്രൻ വിളിച്ചത് എന്ന് ആലോചിച്ചിട്ട് അരുണിന് ഒരു ഉത്തരം കിട്ടിയില്ല.

പത്ത് മണി ആയപ്പോൾ തന്നെ അരുൺ പ്രേമചന്ദ്രന്റെ വീട്ടിലെത്തി. കോളിംഗ് ബെൽ അടിച്ചപ്പോൾ അയാളുടെ ഭാര്യയാണ് വാതിൽ തുറന്നത്. അവനെ കണ്ടപ്പോൾ അവരുടെ മുഖത്ത് വിടർന്ന പുച്ഛഭാവം അരുൺ കണ്ടില്ലെന്നു നടിച്ചു. പ്രേമചന്ദ്രൻ അകത്തെ കാത്തിരിക്കുകയാണെന്ന് അവരിൽ നിന്നും അരുൺ മനസ്സിലാക്കി.

അവർ തുറന്നുകൊടുത്ത വാതിലിലൂടെ അരുൺ അകത്തേക്ക് ചെന്നു. “സർ നമുക്ക് കുറച്ചപ്പുറത്ത് എവിടേക്കെങ്കിലും മാറി നിന്നാലോ.” പ്രേമചന്ദ്രന്റെ അടുത്തെത്തിയ അരുൺ അയാളോടായി ചോദിച്ചു.

”ഇവിടെനിന്ന് പറയുന്ന കാര്യങ്ങളെ എനിക്കുണ്ടായിരുന്നുള്ളൂ. ഏതായാലും നിന്റെ വാക്ക് കേട്ടില്ലെന്ന് വേണ്ട. നമുക്ക് പുറത്തേക്ക് ഇരിക്കാം.” അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് അരുണിനോട് പറഞ്ഞു. അയാളുടെ വാക്കുകളിൽ അയാൾ ആ നിമിഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക സംഘർഷങ്ങൾ ഘനീഭവിച്ചിരുന്നു.

അരുൺ അയാളെ അനുഗമിച്ചു. അയാൾ പുറത്തുള്ള ഗാർഡനിലെ ഒരു ഇരിപ്പിടത്തിന് അടുത്തേക്കാണ് നടന്നത്. അവിടെയുണ്ടായിരുന്ന സിമൻറ് ബെഞ്ചുകളിൽ ഒന്നിൽ അയാളിരുന്നു. അയാൾക്ക് തൊട്ടടുത്തായി അരുണും ഇരിപ്പുറപ്പിച്ചു.

“സർ നിങ്ങൾക്ക് എന്താണ് പറയാനുള്ളത്. എന്തിനാണ് ഇത്ര ധൃതിയിൽ എന്നെ വിളിച്ചു വരുത്തിയത്.” അരുൺ ജിജ്ഞാസയോടെ ചോദിച്ചു.

“ഇന്നലെ എസ്ഐ സത്യരാജ് എന്നെ വിളിച്ചത് പ്രകാരമാണ് ഞാനൊരു ഡെഡ്ബോഡി കാണാനായി മെഡിക്കൽ കോളേജിലേക്ക് പോയത്. ദേഹം മുഴുവൻ പൊള്ളലേറ്റ ഒരു ഡെഡ്ബോഡി ആണ് അവർ എനിക്ക് കാണിച്ചത്. അവർ പറഞ്ഞു അത് എന്റെ മകളുടേതാണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *