ഡിറ്റക്ടീവ് അരുൺ 1
Detective Part 1 | Author : Yaser
ഒമ്പത് വർഷങ്ങൾക്ക് മുമ്പുള്ള ഒരു പകൽ
ഗോകുൽ അസ്വസ്ഥനായി മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് “ഡിറ്റക്ടീവ് ആണു പോലും ഡിറ്റക്ടീവ്. പണിയോ? കല്യാണപ്പെണ്ണിന്റെയും ചെക്കന്റെയും ഡീറ്റെയ്ൽസ് കണ്ടെത്തൽ” കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് ചെറിയ ശബ്ദത്തിൽ അവൻ പിറുപിറുത്തു.
“ഗോകുൽ നമുക്കായി ഒരു നല്ല കേസ് വരും അത് വരെ കാത്തിരിക്കൂ. പിടിച്ച് നിൽക്കാനല്ലേ നമ്മൾ അങ്ങനെയുള്ള കേസുകൾ അന്വേഷിക്കുന്നത്” ഗോകുലിനെ സമാധാനിപ്പിക്കാനായി അരുൺ പറഞ്ഞു.
അവൻ ഒരു ഈസി ചെയറിൽ ഇരിക്കുകയായിരുന്നു. അവന് മുന്നിലുള്ള മേശയും, എതിരെയുളള മൂന്ന് കസാരയും, പുസ്തകങ്ങൾ അടുക്കി വെച്ച ഷെൽഫും, മറ്റൊരു റൂമിലേക്ക് കയറാനുള്ള വാതിലും മാത്രമായിരുന്നു ആ റൂമിലുണ്ടായിരുന്നത്.
“എത്ര മാസമായി അരുൺ നമ്മളിങ്ങനെ കല്യാണക്കേസുമായി നടക്കുന്നു. കുറ്റകൃത്യങ്ങൾ നടക്കാഞ്ഞിട്ടല്ലല്ലോ? കേസെല്ലാം പോലീസിനല്ലേ അന്വേഷിക്കാൻ കിട്ടുന്നത്. അവരാണെങ്കിൽ കട്ടവനെ കിട്ടിയില്ലേൽ കിട്ടിയവനെ പൊക്കുന്ന തരവും. എനിക്കാകെ ദേഷ്യം വരുന്നുണ്ട്” ഗോകുൽ കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് പറഞ്ഞു.
“എല്ലാം ശരിയാവും ഗോകുൽ. വേണമെങ്കിൽ നമുക്കും പോലിസ് അന്വേഷിക്കുന്ന ഒരു കേസ് സമാന്തരമായി അന്വേഷിക്കാം. പക്ഷേ പ്രതിഫലം ഉണ്ടാകില്ല. അത് കൊണ്ടാണ് പെട്ടന്ന് അതിലേക്കെടുത്ത് ചാടാത്തത്. നീ പറയുന്ന വിഷമങ്ങൾ എനിക്കുമുണ്ട്. പക്ഷേ ഇപ്പോൾ നമ്മൾ നിസ്സഹായരാണ് “
‘ടിങ് ടോങ്’ കോളിങ് ബെൽ അടിക്കുന്ന ശബ്ദം ആ റൂമിൽ മുഴങ്ങി. ഗോകുൽ നടത്തം അവസാനിപ്പിച്ച് അരുണിനെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു. “അടുത്ത കല്യാണക്കാർ വരുന്നുണ്ട്”
“വാതിൽ തുറന്ന് കൊടുക്കൂ.. ഗോകുൽ. പണമുണ്ടെങ്കിലേ ഈ സ്ഥാപനം നിലനിൽകൂ. അത് കൊണ്ട് എന്ത് കേസായാലും അന്വേഷിച്ചേ പറ്റൂ”
ഗോകുൽ മനസില്ലാ മനസോടെ വാതിലിനു നേർക്ക് നടന്നു. “എനിക്കു വയ്യ ഇത്തരം കേസിനു പിന്നാലെ നടക്കാൻ നീ തന്നെ അന്വേഷിച്ചാൽ മതി.”ഗോകുൽ വാതിലിനടുത്ത് എത്തുന്നതിന് മുമ്പ് അരുണിനോട് പറഞ്ഞു.
ഗോകുൽ വാതിൽ തുറന്ന് കോപത്തോടെ പുറത്തേക്കിറങ്ങി.