മൃഗം 18 [Master]

Posted by

“നിങ്ങള് വന്ന കാര്യം പറ” അവനു ചോദ്യം ഇഷ്ടമായില്ല എന്ന് ഡോണയ്ക്ക് തോന്നി.
“ഞാന്‍ എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ഡോണ; ഇതെന്റെ ക്യാമറാമാന്‍ വാസു. ഞങ്ങള്‍ നിങ്ങളെ കണ്ടൊന്നു സംസാരിക്കാന്‍ വന്നതാണ്‌” അവള്‍ പറഞ്ഞു.
ടിവിക്കാരിയാണ്‌ അവളെന്ന് കേട്ടപ്പോള്‍ അസീസിന്റെ മുഖത്ത് സംശയം നിഴലിച്ചു. അവന്‍ അല്‍പനേരം ആലോചിക്കുന്നത് പോലെ അവരെ നോക്കി നിന്നു. പിന്നെ തലയാട്ടിയ ശേഷം രണ്ട് കസേരകള്‍ ഉള്ളില്‍ നിന്നുമെടുത്ത് വരാന്തയില്‍ ഇട്ടു.
“ഇരി” വരാന്തയുടെ അരമതിലില്‍ പൃഷ്ടം വച്ചുകൊണ്ട് അസീസ്‌ പറഞ്ഞു. വൃത്തിഹീനമായ ആ ചുറ്റുപാടില്‍ മനസില്ലാമനസോടെ ഡോണ ഇരുന്നു. വാസു അവിടെത്തന്നെ നിന്നതേയുള്ളൂ.
“അസീസ്‌, വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളോട് സംസാരിക്കാനായി ഞാന്‍ ഒരിക്കല്‍ ജയിലില്‍ എത്തിയിരുന്നു. പക്ഷെ എനിക്ക് നിങ്ങളെ കാണാന്‍ സാധിച്ചില്ല. അന്ന് മുതല്‍ നിങ്ങള്‍ പരോളില്‍ ഇറങ്ങുന്നതും കാത്ത് ഞാന്‍ ഇരിക്കുകയായിരുന്നു. ഇപ്പോള്‍ സംസാരിക്കുന്നതില്‍ വിരോധമൊന്നും ഇല്ലല്ലോ” ഡോണ അവന്റെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് തുടങ്ങി.
“നിങ്ങള് ചുറ്റി വളയാതെ കാര്യം പറ” അസീസ്‌ വെള്ളം കണ്ടിട്ട് നാളുകളായ അവന്റെ ശിരസ്സില്‍ മാന്തിക്കൊണ്ട് അസ്വസ്ഥതയോടെ പറഞ്ഞു.
“പറയാം. പക്ഷെ എനിക്ക് പറയാനുള്ളത് മുഴുവനും അസീസ്‌ കേള്‍ക്കണം. കേട്ട ശേഷം മാത്രമേ ഒരു തീരുമാനം എടുക്കാവൂ..”
അവന്‍ മറുപടി പറയാതെ മാന്തല്‍ തുടര്‍ന്നു.
“ഞാന്‍ മുംതാസിന്റെ കൂട്ടുകാരിയാണ്‌..കൂട്ടുകാരി എന്നാല്‍ ആത്മാര്‍ത്ഥ സുഹൃത്ത്” ഡോണ കരുതലോടെ പറഞ്ഞു.
അസീസിന്റെ മുഖത്ത് ഞെട്ടല്‍ പടരുന്നത് വാസുവും ഡോണയും ശ്രദ്ധിച്ചു. പക്ഷെ വേഗം തന്നെ അവനത് മായ്ച്ചു കളഞ്ഞു.
“മുംതാസോ? ഏതു മുംതാസ്?” ഒന്നും അറിയാത്ത മട്ടിലായിരുന്നു അവന്റെ ചോദ്യം.
“എനിക്കെല്ലാം അറിയാം അസീസ്‌…എല്ലാം. ഞാന്‍ പറയുന്ന മുംതാസ് ആരാണെന്ന് നിങ്ങള്‍ക്കും നന്നായിത്തന്നെ അറിയാം..ശരിയല്ലേ?”
അസീസിന്റെ മുഖത്ത് കോപം നുരഞ്ഞു പൊന്തുന്നത് കണ്ട വാസു കരുതലോടെ നിലയുറപ്പിച്ചു.
“നിങ്ങള് വന്ന കാര്യം പറഞ്ഞു തൊലച്ചിട്ട്‌ പോ..ടിവിക്കാരി ആയതുകൊണ്ടാ ഞാന്‍ മര്യാദ കാണിച്ചത്…” അസീസ്‌ മുരണ്ടു.
“അസീസ്‌….നിങ്ങള്‍ ശാന്തനായി ഞാന്‍ പറയുന്നത് കേള്‍ക്കണം. ദയവു ചെയ്ത് മനസ് കലുഷിതമാക്കരുത്. നിങ്ങള്‍ക്ക് ഗുണമുള്ള കാര്യമാണ് എനിക്ക് പറയാനുള്ളത്..” ഡോണ അവന്റെ കണ്ണിലേക്ക് തന്നെ നോക്കി പറഞ്ഞു. അവളുടെ പോക്കറ്റില്‍ വച്ചിരുന്ന മൊബൈല്‍ ക്യാമറ അവരുടെ സംഭാഷണവും അസീസിന്റെ ഭാവാഹാദികളും പകര്‍ത്തുന്നുണ്ടായിരുന്നു.
“മുംതാസും ഞാനും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. അവളുടെ വാപ്പയ്ക്കും ഉമ്മയ്ക്കും അവള്‍ ഏക മകളായിരുന്നു. തട്ടുകട നടത്തിയാണ് അവളുടെ വാപ്പ അവളെ പഠിപ്പിക്കാന്‍ അയച്ചിരുന്നത്. ആ വാപ്പച്ചി അവളില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തിരുന്നു”
“ഇതൊക്കെ എന്തിനാണ് എന്നോട് പറയുന്നത്? ഛെ..ഇതിപ്പോള്‍ കുരിശായല്ലോ..” അസീസ്‌ അക്ഷമയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *