മൃഗം 18
Mrigam Part 18 Crime Thriller Novel | Author : Master
Previous Parts
“ദാ, ആ കാണുന്ന വീടാണ്”
ഡോണ അല്പം അകലേക്ക് ചൂണ്ടി പറഞ്ഞു. വാസു ബൈക്ക് അങ്ങോട്ട് വിട്ടു. കോളനിയിലെ നിരവധി വീടുകളുടെ ഇടയിലൂടെ അവര്‍ പോയപ്പോള്‍ പലരും അവരെ നോക്കുന്നുണ്ടായിരുന്നു.
“നിര്‍ത്ത്..ഇതാണ് വീട്”
വാസു ആ ചെറിയ വീടിന്റെ മുന്പില് ബൈക്ക് നിര്‍ത്തി. വൃത്തിഹീനമായ ചുവരുകളും അലങ്കോലപ്പെട്ടു കിടക്കുന്ന പൂമുഖവും ആ വീട്ടിലുള്ളവരുടെ നിലവാരം വ്യക്തമാക്കുന്നവ ആയിരുന്നു. ബൈക്ക് വന്നു നിന്ന ശബ്ദം കേട്ട് ഒരു പെണ്ണ് ഇറങ്ങി വന്നു. ഏറിയാല്‍ ഇരുപതോ അതിനു അല്പം മേലെയോ പ്രായം കാണും. കൂസലില്ലാത്ത മുഖഭാവവും അലസമായ വേഷധാരണവും. അവിടവിടെ തുന്നല്‍ വിട്ട ഒരു ചുരിദാര്‍ ആണ് അവള് ധരിച്ചിരുന്നത്. ശരീരഭാഗങ്ങള്‍ പലതും പുറത്ത് കാണാം. മുടി അലക്ഷ്യമായി വാരിക്കെട്ടി വച്ചിരിക്കുന്നു. കണ്മഷി പടര്‍ന്ന കണ്ണുകള്‍. ഏതു പുരുഷനെയും ആകര്‍ഷിക്കത്തക്ക എന്തോ ഒന്ന് പക്ഷെ അവള്‍ക്കുണ്ടായിരുന്നു.
“ആരാ.എന്ത് വേണം?” അവരെ കണ്ടപ്പോള്‍ അവള് മയമില്ലാത്ത സ്വരത്തില്‍ ചോദിച്ചു.
“അസീസ് ഉണ്ടോ?” ഡോണയാണ് ചോദിച്ചത്. പെണ്ണ് അവളെ ഒന്നിരുത്തി നോക്കി. എന്നിട്ട് മറുപടി നല്‍കാതെ നിതംബങ്ങള്‍ തെന്നിച്ച് ഉള്ളിലേക്ക് പോയി.
“മറ്റേ കേസാ..അവന്റെ ഭാര്യ ആണെന്ന് തോന്നുന്നു” ഡോണ വാസുവിന്റെ കാതില്‍ മന്ത്രിച്ചു.
“മറ്റേ കേസോ? അത് ഏതു കേസ്?”
“എടാ പൊട്ടാ വേശ്യ..ഇങ്ങനൊരു മണ്ടന്‍”
“പിന്നെ ഞാന്‍ പണ്ട് ഇവളുമാരുടെ കൂടല്ലാരുന്നോ താമസം”
“മിണ്ടാതിരി..അവന് വരുന്നുണ്ട്”
മുടിയും താടിയും വളര്‍ത്തിയ, നല്ല ഉയരമുള്ള മെല്ലിച്ച, കരുത്തുറ്റ ശരീരമുള്ള ഒരു യുവാവ് വെളിയിലേക്ക് വന്നു. അവന് ചോദ്യഭാവത്തില്‍ വാസുവിനെയും ഡോണയെയും നോക്കി.
“ആരാ?” അവന് ചോദിച്ചു.
“അസീസ് എന്നാണ് പരോളില്‍ ഇറങ്ങിയത്?” ഡോണ മുഖത്ത് ഒരു പുഞ്ചിരി വരുത്തി ചോദിച്ചു.