മൃഗം 11 [Master]

Posted by

അക്ഷമയോടെ പുന്നൂസ് പറഞ്ഞു. വാസു വല്ല അവിവേകവും അവളോട്‌ കാട്ടിയോ എന്നാണ് അയാളും ഭാര്യയും ഭയപ്പെട്ടത്; പക്ഷെ വാസുവിന്റെ കൂസലില്ലാത്ത നില്‍പ്പില്‍ നിന്നും മറ്റെന്തോ ആണ് സംഗതി എന്ന് പുന്നൂസ് മനസിലാക്കി. ഡോണ അല്‍പനേരം അങ്ങനെ ഇരുന്ന ശേഷം റോഡില്‍ വച്ചു നടന്ന കാര്യങ്ങള്‍ അതേപടി പറഞ്ഞു. തന്റെ മുന്‍പിലേക്ക് പറിഞ്ഞു വന്നു വീണ മനുഷ്യക്കണ്ണ്‍ അവളെ ഭീതിയുടെ ഗര്‍ത്തത്തിലേക്ക് തള്ളിവിട്ടിരുന്നു.
“ഗുണ്ടകള്‍ ആണെങ്കിലും അവരും മനുഷ്യരല്ലേ പപ്പാ..ഇവന്‍ യാതൊരു ദയയും ഇല്ലാതെയാണ് അവരെ ആക്രമിച്ചത്..ഇനി ആ മനുഷ്യര്‍ക്ക് എന്തെങ്കിലും ജോലിയെടുത്ത് ജീവിക്കാന്‍ പോലും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല..ഹി ഈസ് എ മെഴ്സിലെസ്സ് ബീസ്റ്റ്…”
അവള്‍ വിതുമ്പിക്കൊണ്ട് അയാളുടെ തോളില്‍ മുഖം അമര്‍ത്തി. പുന്നൂസ് ചിരിച്ചു. ആ ചിരിയുടെ ശക്തി കൂടി; അവസാനം അയാള്‍ ഉറക്കെയുറക്കെ ചിരിച്ചുപോയി. വാസു തല ചൊറിഞ്ഞുകൊണ്ട് അയാളെ നോക്കി.
“പപ്പാ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്..എന്റെ ജീവിതത്തില്‍ ഞാന്‍ ഇതുപോലെ ഭയന്നിട്ടില്ല..അവരെ അല്ല..ഇവനെ ആണ് ഞാന്‍ പേടിച്ചത്…ഇവന്റെ കൂടെ തിരിച്ച് ഇവിടെ വരെ ഞാനെത്തിയത് ഭയന്നു വിറച്ചാണ്…എനിക്കിനി ഇവന്റെ ഒരു സഹായവും വേണ്ട..ഒരു സഹായവും..പപ്പാ ഇവനെ ഉടന്‍ തന്നെ പറഞ്ഞു വിട്ടേക്ക്..എന്റെ ജോലി ഞാന്‍ തനിച്ചു ചെയ്തോളാം..”
ഡോണ അയാളില്‍ നിന്നും അകന്നു മാറിയിട്ട് പറഞ്ഞു. പുന്നൂസ് വാത്സല്യത്തോടെ അവളെ നോക്കിക്കൊണ്ട് അവളുടെ ശിരസില്‍ തലോടി. പിന്നെ തിരിഞ്ഞു വാസുവിനെ നോക്കി.
“എടാ വാസു..കണ്ടോ..ഇതാണ് എന്റെ മോള്‍..ലോകത്താരും വേദനിക്കുന്നത് കാണാന്‍ ഇവള്‍ക്ക് പറ്റില്ല…നീ എന്തിനാടാ ഒരു മര്യാദ ഇല്ലാത്ത പണി ചെയ്തത്..തല്ലുമ്പോള്‍ അല്പം മയമൊക്കെ വേണ്ടേ? അടുത്ത തവണ നീ തല്ലരുത്..ചുമ്മാ തലോടി വിട്ടാല്‍ മതി..”
പുന്നൂസ് പറഞ്ഞു. അതുകേട്ടു വാസുവും റോസിലിനും ചിരിക്കുന്നത് കണ്ടപ്പോള്‍ മൂവരും കൂടി തന്നെ കളിയാക്കുകയാണ് എന്ന് മനസിലാക്കിയ ഡോണ കോപത്തോടെ പോകാന്‍ എഴുന്നേറ്റു. പുന്നൂസ് അവളുടെ കൈയില്‍ പിടിച്ച് അവളെ അവിടെയിരുത്തി.
“മോളെ..നിന്റെ ഈ നല്ല മനസ് നീ അസ്ഥാനത്ത് ഉപയോഗിക്കരുത്..രാത്രി നിന്നെയും ഇവനെയും തട്ടിക്കൊണ്ടു പോകാന്‍ വന്നവര്‍ ആണ് ആ ഗുണ്ടകള്‍… ഇവന്‍ ഒരു പഴംവിഴുങ്ങി ആയിരുന്നു എങ്കില്‍ ഇപ്പോള്‍ നീ അവരുടെ പിടിയില്‍ ആയിരുന്നേനെ…അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ നീ മനുഷ്യരാണ് എന്ന് പറഞ്ഞു പരിതപിക്കുന്ന അവന്മാര്‍ ഇവനെ എന്തൊക്കെ ചെയ്തേനെ എന്ന് നിനക്ക് ഊഹിക്കാന്‍ പറ്റുമല്ലോ? അതേപോലെ നിന്നെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ എന്തായിരിക്കും അവര്‍ നിന്നോട് ചെയ്യുക? നീ ആലോചിച്ചു നോക്കിയോ? ആലോചിക്ക്…ഇത്ര ബുദ്ധിമതിയായ നീ ഈ സംഭവത്തില്‍ അവനെടുത്ത റിസ്ക്‌ എത്ര വലുതാണ് എന്നെങ്കിലും ഓര്‍ത്തോ…”
അങ്ങനെ പറഞ്ഞിട്ടു പുന്നൂസ് എഴുന്നേറ്റ് വാസുവിന്റെ അരികിലെത്തി. അവന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു.
“സര്‍..അങ്ങ് കരയാതെ..” വാസു പെട്ടെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *