മൃഗം 8 [Master]

Posted by

വണ്ടി ഇടറോഡില്‍ നിന്നും പ്രധാന നിരത്തിലേക്ക് കയറിയപ്പോള്‍ വാസു കുറേക്കൂടി അവളോട്‌ അടുത്തു. റോഡില്‍ ധാരാളം വാഹനങ്ങള്‍ ഉള്ളത് കൊണ്ട് അതിലൊരാളായി അവന്‍ നീങ്ങി. രണ്ടു സിഗ്നലുകള്‍ കഴിഞ്ഞപ്പോള്‍ അവന്‍ ഏറെക്കുറെ അവളുടെ നേരെ പിന്നില്‍ത്തന്നെ എത്തി. അല്പം അകലെ മറ്റൊരു വലിയ ജംഗ്ഷന്‍ അവന്‍ കണ്ടു. രാവിലെ തന്നെ റോഡില്‍ ട്രാഫിക്ക് നന്നായി കൂടിയിരുന്നു. ഡോണയുടെ മാരുതി ആ ജംഗ്ഷന്‍ ലക്ഷ്യമാക്കി നീങ്ങി. പെട്ടെന്ന് ഓഡി എ-3 കാര്‍ ഉച്ചത്തിലുള്ള മ്യൂസിക്ക് കേള്‍പ്പിച്ച് അവന്റെ ബൈക്കിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ മിന്നല്‍ പോലെ മറികടന്നു. ഒരു പെണ്ണാണ് ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നത് എന്ന് വാസു കണ്ടു. അവന്‍ പല്ലുഞെരിച്ചു ദേഷ്യം അടക്കാന്‍ ശ്രമിച്ചുകൊണ്ട് മുന്‍പോട്ടു നീങ്ങി. ഓഡി ഡോണയെ മറികടക്കാന്‍ നോക്കിയെങ്കിലും അവള്‍ക്ക് സാധിച്ചില്ല. സിഗ്നലില്‍ ആ കാറിനു തൊട്ടുപിന്നില്‍ അത് നില്‍ക്കുന്നത് വാസു കണ്ടു. അവന്റെ ബൈക്ക് ഓഡിയുടെ പിന്നിലായി നിന്നു. മറ്റു നിരവധി വാഹനങ്ങള്‍ ഉള്ളതുകൊണ്ട് അതിന്റെ മുന്‍പിലേക്ക് പോകാന്‍ അവനു സാധിച്ചില്ല. മുകള്‍ മൂടി ഇല്ലാത്ത ആ കാറില്‍ മ്യൂസിക്കിനനുസരിച്ച് ആടിക്കൊണ്ട് മൊബൈലില്‍ സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയായിരുന്നു അതിന്റെ സാരഥി. വാസു സിഗ്നല്‍ ഓണാകാനായി കാത്തു.
പച്ച കത്തിയപ്പോള്‍ ഏറ്റവും മുന്‍പില്‍ കിടന്നിരുന്ന ഡോണയുടെ മാരുതി മുന്‍പോട്ടു നീങ്ങി. വാസുവിന്റെ തൊട്ടു വലത്ത് മറ്റൊരു കാറായിരുന്നു നിര്‍ത്തിയിരുന്നത്. അവന്റെ ബൈക്കിനും ആ കാറിനും മുന്‍പിലായിരുന്നു ഓഡി. സിഗ്നല്‍ ഓണായിട്ടും ഓഡി മുന്‍പോട്ടു നീങ്ങിയില്ല. വാസുവും കാറുകാരനും പിന്നിലുള്ള മറ്റു പല വണ്ടികളും ഹോണ്‍ മുഴക്കിയിട്ടും ഉച്ചത്തിലുള്ള പാട്ടുമായി മൊബൈലില്‍ കുത്തിക്കൊണ്ടിരുന്ന ഓഡിയുടെ ഡ്രൈവര്‍ ഒരു കൂസലുമില്ലാതെ ഇരിക്കുകയായിരുന്നു. ഡോണ കടന്നു പോയതോടെ വാസു എങ്ങനെയും മുന്‍പിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും ആ കാറ് കാരണം പോകാന്‍ പറ്റിയില്ല. ട്രാഫിക്കില്‍ നിന്നിരുന്ന പോലീസുകാരന്‍ യാതൊന്നും ചെയ്യാതെ നില്‍ക്കുന്നതും വാസു ശ്രദ്ധിച്ചു. സിഗ്നല്‍ റെഡ് ആയതോടെ വാസു ബൈക്ക് അതില്‍ ഇരുന്നുകൊണ്ട് തന്നെ സ്റ്റാന്റില്‍ വച്ച് ഹെല്‍മറ്റ് ഊരി അതിന്റെ മുകളില്‍ വച്ചിട്ട് ഇറങ്ങി. അവന്‍ നേരെ ഓഡിയുടെ ഡ്രൈവിംഗ് സീറ്റിന്റെ അരികിലേക്ക് ചെന്നു. പെണ്ണ് ഇളകിക്കൊണ്ട് ഒന്നും ശ്രദ്ധിക്കാതെ ആര്‍ക്കോ മെസേജ് വിടുകയാണ്.
“ഹേയ് മാഡം..ഇത് സിഗ്നല്‍ ആണ്..നിങ്ങള്‍ എന്താണ് വണ്ടി എടുക്കാഞ്ഞത്” വാസു ഉറക്കെ ചോദിച്ചു. ശബ്ദം കേട്ടു പെണ്ണ് മ്യൂസിക്കിന്റെ ശബ്ദം കുറച്ചിട്ട് അവനെ നോക്കി.
“ഹു ആര്‍ യു? വാട്ട് ഡൂ യു വാണ്ട്?” അവള്‍ അവനെ നോക്കി ചോദിച്ചു.
“ഇപ്പം പച്ച കത്തിയപ്പോള്‍ നിങ്ങള്‍ വണ്ടി എടുത്തില്ല..ഇനി ഇത് ആവര്‍ത്തിക്കരുത് എന്ന് പറയാന്‍ വന്നതാണ്‌..നിങ്ങള് കാരണം കുറെ വണ്ടികള്‍ പിന്നില്‍ ബ്ലോക്കായി കിടക്കുകയാണ്..” പരമാവധി സംയമനത്തോടെ അവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *