The Shadows 15 [വിനു വിനീഷ്]

Posted by

രഞ്ജൻ പോകാനായി കസേരയിൽ നിന്നും എഴുന്നേറ്റു.

“ഗുഡ് വർക്ക് രഞ്ജൻ. നിങ്ങളെപോലെയുള്ള സിൻസിയറായ ഉദ്യോഗസ്ഥരാണ് കേരളാപോലീസിന്റെ അഭിമാനം. വൈകാതെ നമുക്ക് വേണ്ടും കാണാം.”

“സർ.”
പുഞ്ചിരിതൂവികൊണ്ട് ഹസ്തദാനം നൽകി രഞ്ജൻ മിനിസ്റ്ററുടെ ഗസ്റ്റ് ഹൗസിൽ നിന്നും പടിയിറങ്ങി.

×××××××××

ഞായറാഴ്ച്ച ആയതുകൊണ്ട് രഞ്ജൻ എഴുന്നേൽക്കാൻ അല്പം താമസിച്ചു.
വലത്തുവശത്തുള്ള ചെറിയ മേശയുടെ മുകളിൽനിന്നും ഭാര്യ ശാലിനിയെ വിളിക്കാൻ മൊബൈൽഫോണെടുത്ത് നോക്കിയപ്പോഴായിരുന്നു അർജ്ജുവിന്റെ സന്ദേശം കണ്ടത്. ഉടൻ തന്നെ രഞ്ജൻ തിരിച്ചുവിളിച്ചു.

“സർ, ആകെ പ്രശ്നമായി, വൈഗയെ ഞാൻ വിളിച്ചിറക്കികൊണ്ടുവന്നിരുന്നു. ഇപ്പോൾ അവളുടെ വീട്ടുക്കാർ വന്ന് പ്രശ്നമുണ്ടാക്കി. എനിക്കെതിരെ കേസ് കൊടുത്തു. സർ എങ്ങനെയെങ്കിലും ഹെല്പ് ചെയ്യണം.”

“ഹഹഹ, അതുകലക്കി. എന്തായാലും സ്റ്റേഷനിൽനിന്നു വിളിക്കുമ്പോൾ പൊയ്ക്കോളൂ. എന്നിട്ട് അവിടെനിന്നും എന്നെ വിളിച്ചാൽമതി ഞാൻ പറഞ്ഞോളാം. ആ പിന്നേയ് ഞാനിന്ന് മണ്ണാർക്കാട്ടേക്ക് തിരിച്ചുപോകും. എന്റെ ഡ്യൂട്ടി കഴിഞ്ഞു.”
ഉമ്മറത്തെ വാതിൽതുറന്ന് അയാൾ മുറ്റത്തേക്കിറങ്ങി.

“ഓക്കെ സർ. കുഴപ്പൊന്നും ഇല്ല്യങ്കിൽ ഞാൻ കല്യാണം വിളിച്ചുപറയാം സർ വൈഫിനേയും കൂട്ടിവരണം.”

“ഓഫ് കോഴ്‌സ്.”
ഫോൺ കട്ട് ചെയ്ത് രഞ്ജൻ ഉദിച്ചുയരുന്ന അരുണനെ നോക്കി ദീർഘശ്വാസമെടുത്തുനിന്നു.
ശേഷം കുളികഴിഞ്ഞ് ഹോസ്പിറ്റലിൽ അഡ്മിറ്റായ ശ്രീജിത്തിനെ പോയികണ്ടു.
കേസിന്റെ സ്ഥിതിഗതികൾ സംസാരിച്ച് കുറച്ചുനേരം അവിടെയിരുന്നശേഷം യാത്രപറഞ്ഞ് നേരെ പോയത് അനസിന്റെ അടുത്തേക്കായിരുന്നു. ഉച്ചഭക്ഷണം അനസിന്റെകൂടെയിരുന്ന് കഴിച്ചതിനുശേഷം ജിനുവിനെ അവർ താമസിക്കുന്ന ഹോട്ടലായ
ക്രൗൺപ്ലാസയിൽ ചെന്നുകണ്ടു.

“ജിനു, ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. ഞങ്ങളീ പോലീസുകാർക്ക് സെന്റിമെൻസ് ഒന്നുമില്ല. എല്ലാവരെയും കുറ്റവാളികളായി കാണുക, ചോദ്യം ചെയ്യുക. അത്രേയുള്ളൂ. ഞങ്ങൾക്ക് ആവശ്യമുള്ളത് കിട്ടിയാൽപിന്നെ ജോലി എളുപ്പമാകും. ജിനു കുറച്ചുകാര്യങ്ങൾ ഞങ്ങളിൽനിന്നും മറച്ചുവച്ചു. പിന്നീട് അത് മനസിലായി എന്നുണ്ടെങ്കിലും അന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ..”

“സോറി സർ, ”
ഇടയിൽകയറി അവൾ പറഞ്ഞു.

“ആദ്യം ഒരു നുണ പറയും, പിന്നെ അതിനെ മറച്ചുപിടിക്കാൻ മറ്റൊരു നുണപറയുമ്പോൾ നമ്മളത് വിശ്വസിച്ചുപോകുന്നു. അതിൽ നഷ്ടമല്ലാതെ ലാഭമൊന്നുമില്ല.!

Leave a Reply

Your email address will not be published. Required fields are marked *