“മനസിലായില്ല…” ദീപൻ ആകെ സംശയത്തോടെ പറഞ്ഞു…
“മനസിലാക്കി തരാം… നീ അവളേം ദേവി തംബ്രാട്ടിയേം കൊല്ലാൻ വന്നതാണെന്ന്…”
ദീപൻ ചെറുതായി ഒന്ന് ഞെട്ടി… താൻ വന്നതിന്റെ കാരണം അയാൾ അറിഞ്ഞിരിക്കുന്നു… പക്ഷെ തന്റെ അജണ്ടയിൽ നീലു മാത്രമല്ലേ ഉണ്ടായിരുന്നുള്ളു… ഇയാൾ എന്തിനാ തമ്പുരാട്ടിയുടെ പേരും കൂടി ഉൾപ്പെടുത്തിയത്
“പ്ഫ… പന്ന കഴുവേറി കിളവാ… അനാവശ്യം പറയുന്നോ… ഞാൻ എന്തിനാടോ അവരെ കൊല്ലുന്നേ”
“ഹ ഹ ഹ… കുഞ്ഞേ ഒന്നും അറിയാത്തവനാണെന്ന് വിചാരിക്കരുത് … ഞാൻ പൊട്ടനാണെന്നും വിചാരിക്കരുത്… ആദ്യം കണ്ടമാത്രയിൽ തന്നെ എനിക്ക് സംശയം തോന്നിയതാ… എന്നിട്ട് ഒന്നും അറിയാത്ത ഭാവത്തിൽ… പ്ഫു…” അയാൾ കാർക്കിച്ച് ഒന്ന് തുപ്പ ി.
“താൻ എന്ത് കോപ്പാടോ ഈ പറയുന്നേ… എനിക്ക് തമ്പ്രാട്ടിയെയും നീലുവിനേം കൊന്നിട്ട് എന്ത് കിട്ടാനാ…”
“ഹ ഹ ഹ… ഇല്ലിക്കൽ കോവിലകത്തെ രുദ്രപ്രതാപവർമ തമ്പുരാന്റെ പൊന്നനിയത്തി മഹാലക്ഷി തമ്പുരാട്ടിക്കും കോവിലകത്തെ കാര്യസ്ഥനായിരിക്കുന്ന വാസുദേവഭട്ടതിരിക്കും പിറന്ന ദീപൻ ഈ കോവിലകത്ത് കാലുകുത്തിയത് എന്തിനാ എന്ന് മനസിലാക്കാനുള്ള സാമാന്യം ബോധം തമ്പുരാന്റെ സന്തത സഹചാരിയായ ഈ ഭാസ്കരന് ശരിക്കും അറിയാം…”
ദീപന്റെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു കേറി…
അവൻ അന്ധാളിച്ച് പുറകോട്ട് ഇരുന്നു…
അവന്റെ മുഖത്തെ ഭാവം ഭാസ്കരൻ ചേട്ടന്റെ മുഖത്ത് തെല്ല് ആശങ്ക ഉണർത്തി
“എന്താ… എന്താ ചേട്ടൻ പറഞ്ഞെ… ഇല്ലിക്കൽ കോവിലകത്തെ… എന്റെ അമ്മ…” ദീപന്റെ മുഖം ചുവന്ന് തുടുത്തു
“അപ്പൊ കുഞ്ഞിന്… ”
“ഇല്ല… എനിക്കറിയില്ല…”
“എന്നാൽ കേട്ടോ… നിന്റെ അമ്മയുടെ കോവിലകമാണ് ഇത്… ഞങ്ങടെ ലക്ഷ്മി തമ്പുരാട്ടിയുടെ കൊട്ടാരം…” അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണീർ കുടുകുടാന്നൊലിച്ചു…
“ഭട്ടതിരിയുമായുള്ള അടുപ്പം… അത് വളർന്ന് വലുതായത് തമ്പുരാൻ അറിഞ്ഞു… പിന്നെ ഒരു രാത്രിയുടെ ആയുസ്സേ ഭട്ടതിരിക്ക് ഉണ്ടായിരുന്നുള്ളു… പക്ഷെ വൈകിയിരുന്നു… പറിച്ചെറിയാൻ സാധിക്കാത്തവിധം നീ തമ്പുരാട്ടിയുടെ വയറ്റിൽ കുരുത്തിരുന്നു… ” അയാൾ തല താഴ്ത്തിയിരുന്നു
“തമ്പുരാന്റെ കോപം അറിയുന്ന എനിക്ക് നല്ലപോലെ അറിയാമായിരുന്നു തമ്പുരാട്ടിയുടെ ജീവനും ആ ഒരു രാത്രിയുടെ ദൈർഘ്യം മാത്രേ ഉണ്ടായിരുന്നുള്ളു എന്ന്…”