“ഞാൻ… ഞാനൊരു നിർഭാഗ്യവതിയാ ദീപു…” അവൾ അവന്റെ കൈയിൽ പിടിച്ചു
“ഇങ്ങനെയൊക്കെ പറയാൻ എന്താ ഇവിടെ ഉണ്ടായത്…” ദീപൻ ആശ്ചര്യപ്പെട്ടു.
അവൾ ആദ്യം മടിച്ചു… പിന്നെ എല്ലാം പറഞ്ഞു…
ദീപന്റെ കണ്ണുകളിൽ അത്ഭുതവും ഒപ്പം മുഖത്ത് അവജ്ഞയും പിന്നെ അൽപ്പം പുച്ഛവും കൂടികലർന്ന ഒരു ഭാവം…
“ഉള്ളിലേക്ക് വരോ…” അവൾ അപക്ഷെയുടെ സ്വരത്തിൽ പറഞ്ഞു…
“വേണ്ടാ… ഇപ്പൊ വന്നാൽ ചിലപ്പോ… വേണ്ടാ.. ശരിയാവില്ല… നീ വാതിലൊക്കെ അടച്ചില്ലേ… ജനാലയും അടച്ച് കിടന്നോ… നാളെ രാവിലെ കാണാം… ഇപ്പൊ നീ കിടന്നോ… ബാക്കി എല്ലാം അപ്പൊ പറയാം…”
നീലുവിന് ഒന്നും മനസിലായില്ല എങ്കിലും അവൾ തലയാട്ടി… അവൻ പോകാൻ ഒരുങ്ങി… അവളുടെ കൈകൾ അവന്റെ കൈത്തണ്ടയിൽ ബലമായി പിടിച്ചു…
എന്തെ എന്ന ഭാവത്തിൽ ദീപൻ മുഖം പൊക്കി…
“പേടിക്കേണ്ട… ഞാനുണ്ട്ട്ടാ…”
അവളുടെ കൈകളിൽ അമർത്തി ചുംബിച്ച് അവൻ നിലത്തിറങ്ങി… നിലത്തിറങ്ങുന്നതും നോക്കി അവളിരുന്നു… താഴെ എത്തിയപ്പോ കൈ കൊണ്ട് ജനൽ അടച്ചോ എന്ന് ആംഗ്യം കാണിച്ചു… അവൾ ജനൽ അടച്ചു… അവൻ തിരിഞ്ഞു നടന്നു… പിന്നെ ഒരുമിനിറ്റ് നിന്നു… പിന്നെ വേഗത്തിൽ നടന്നു… അൽപ്പം വേഗത്തിൽ നടന്ന് പെട്ടെന്ന് ബംഗ്ളാവിന്റെ മുറ്റത്തെ ബുഷ് ചെടികളുടെ ഇടയിലേക്ക് കേറി ഇരുന്നു… പിന്നെ താൻ നടന്നു വന്ന വഴികളിലേക്ക് സൂക്ഷിച്ചു നോക്കി… ഒരു നിഴൽ അതുവഴി നടന്നു വരുന്നു… കൈയിൽ തിളങ്ങുന്ന എന്തോ ഒരു വസ്തു… അത് ഒരു കത്തിയാണെന്ന് അവനു മനസിലായി… ആ നിഴൽ അവന്റെ തൊട്ടു മുന്നിൽ ഓടിയെത്തി… പിന്നെ ചുറ്റും നോക്കി… ആരെയോ തേടി നടക്കുന്നപോലെ തോന്നി… പിന്നെ പുറകിലേക്ക് നോക്കി… അൽപ്പം ഉയരമുള്ള ആളാണ്…പക്ഷെ അധികം തടിയില്ല… ഇനി അന്നത്തെ പോലെ വേറെ ആരെങ്കിലും ഉണ്ടെങ്കിലോ… ദീപൻ അൽപ്പം കൂടി നേരം ഇരുന്നു…അയാൾ വന്നത് തന്നെ തേടിയാണെന്നുള്ള ഒരു തോന്നൽ… ഇയാളുടെ കാലൊച്ചയാണോ കേട്ടത്… തന്നെ അപായപ്പെടുത്താൻ… പിന്നെ ഒരുനിമിഷം ചിന്തിച്ചില്ല… ബുഷ് ചെടികളുടെ ഇടയിൽ നിന്ന് കിട്ടിയ ഒരു വടി എടുത്ത് അയാളുടെ മുന്നിലേക്ക് എടുത്ത് ചാടി… പ്രതീക്ഷിക്കാതെ തന്റെ മുന്നിൽ എത്തിയ ശത്രുവിനെ കണ്ട് ആ നിഴൽ രൂപം അൽപ്പം ഒന്ന് ഞെട്ടി…പിന്നെ കത്തി നീട്ടി അവനെ കുത്താൻ ഓങ്ങി…
ദീപൻ ശരിക്കും തയാറെടുത്തു കൊണ്ട് തന്നെയാണ് മുന്നിലേക്ക് ചാടിയത്… അവൻ ഒന്ന് തിരിഞ്ഞ് ആ ആക്രമിയുടെ കത്തി വരുന്ന കൈയുടെ തണ്ടയിൽ ശക്തമായി അടിച്ചു…