യക്ഷയാമം 7 [വിനു വിനീഷ്]

Posted by

“ഈ സമയത്ത് എന്തുപൂജയാ മുത്തശ്ശൻ ചെയ്യുന്നേ?..”

ഉദിച്ചുയർന്ന സംശയം അവളുടെ നിദ്രയെ തടസപ്പെടുത്തി.

“ഇനി മുത്തശ്ശൻ പറഞ്ഞ പൂജയാണോ ഇത്. ഒന്നുപോയിനോക്കിയാലോ?”

ജാലകത്തിലൂടെ പുറത്തേക്കുനോക്കിക്കൊണ്ട് അവൾ സ്വയം ചോദിച്ചു.

“മുത്തശ്ശനല്ലേ, പോയിനോക്കാം.”

ഗൗരി തന്റെ ഷാളെടുത്തുതോളിലേക്കിട്ടു.
ശബ്ദമുണ്ടാക്കാതെ കോണിപ്പടികൾ ഇറങ്ങി ഉമ്മറവാതിലിലൂടെ പുറത്തേക്കുനടന്നു. കിഴക്കേ മാന്ത്രികപ്പുര ലക്ഷ്യമാക്കി അവൾ ഓരോകാൽച്ചുവടുകൾവച്ചു.

അല്പം നടന്നപ്പോൾ മാന്ത്രികപ്പുരയിലേക്കുള്ള വഴി ഇതല്ലന്ന് മുന്നിൽ കാടുകെട്ടിയ ചെറിയ കാട്ടുവള്ളികളും, ചെടികളും പറഞ്ഞു.

തന്റെ മൃദുലമായ കൈകൾകൊണ്ട് അവയെ വകഞ്ഞുമാറ്റി വെളിച്ചം കാണുന്ന ദിക്കിലേക്കുനടന്നു.

മന്ത്രങ്ങളുടേയും കൈമണിയുടേയും ശബ്ദം അടുത്തുകൊണ്ടിരുന്നു.
പെട്ടന്ന് തന്റെ പിന്നിലൊരു കാൽപ്പെരുമാറ്റംകേട്ട ഗൗരി ഒരുനിമിഷം നിശ്ചലമായി നിന്നു.

ഇതുവരെ തോന്നാത്ത ഭയം ഒരുനിമിഷംകൊണ്ട് അവളിൽ വർദ്ധിച്ചു.

തണുത്തകാറ്റുവീശുന്ന രാത്രിയിലും അവളുടെ നെറ്റിയിൽനിന്ന് വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങി.

ഗൗരി പിന്നിലേക്കു നോക്കി..

“ഇല്ല്യാ, അരുമില്ല്യാ..”

വിണ്ണിൽ പൂർണചന്ദ്രനെ മറയ്ക്കുംവിധം കാർമേഘംവന്നുമൂടി.
പെട്ടന്നുതന്നെ അന്ധകാരം ചുറ്റിലുംവ്യാപിച്ചു.

മാന്ത്രികപ്പുരയിൽ കാണുന്ന അഗ്നിവെളിച്ചം മാത്രം.

“അമ്മേ ദേവീ,..രക്ഷിക്കണേ..”
ഗൗരി അറിയാതെ പറഞ്ഞു.

താനെടുത്ത ഈ തീരുമാനം തെറ്റായിപ്പോയിയെന്ന് ചുറ്റുമുള്ള കൂരിരുട്ട് തെളിയിച്ചുകൊണ്ടിരുന്നു

ഒരുനിമിഷം അവൾ പിന്നിലേക്ക് തിരിഞ്ഞു മനയിലേക്കുനോക്കി.

തന്റെ മുറിയിലെ ബൾബ് കത്തിക്കൊണ്ടിരിക്കുന്നു.

സർപ്പങ്ങൾ സീൽക്കാരം മീട്ടുന്ന ശബ്ദം കേട്ട് ഗൗരി ഒന്നൊതുങ്ങിനിന്നു.

ചെറുവിരലിൽനിന്നും ഭയം പെരുത്തുകയറി.

Leave a Reply

Your email address will not be published. Required fields are marked *