യക്ഷയാമം 7 [വിനു വിനീഷ്]

Posted by

ഗൗരി തിരുമേനിയുടെ അടുത്തേക്ക് ചേർന്നിരുന്നു.

“നിന്റെ സാനിധ്യം ആഗ്രഹിക്കുന്നയാൾ,
അല്ലങ്കിൽ നിന്നിലൂടെ എന്തെങ്കിലും നേടിയെടുക്കാൻ… അതുമല്ലങ്കിൽ
നിന്നിലൂടെ എന്തെങ്കിലും കാണിച്ചുതരാൻ!!”

“അപ്പോൾ ഞാൻ കണ്ടത് ?..”

തിരുമേനിയുടെ കൈകളിൽ പിടിച്ചുകൊണ്ട് അവൾ ചോദിച്ചു.

“ഒരാത്മാവായിരിക്കാം, നിസ്സഹായനയി നിൽക്കുന്ന അവൻ അല്ലങ്കിൽ അവൾ. ആരോ. “

“അപ്പൊ ആ കറുത്തരൂപം ഡോക്ടറുടെ മരിച്ച മകളുടെ കൈയുംപിടിച്ചുപോകുന്നത് ഞാൻകണ്ടല്ലോ അതോ ?..”

“നീ കണ്ടോ? അത് മരിച്ചുപോയ ആ അതേകുട്ടിയാണെന്ന്.”

“ഉവ്വ് ഞാൻ കണ്ടു.”
ഗൗരി ഉറപ്പിച്ചുപറഞ്ഞു.

“ആയിരിക്കില്ല്യ, അങ്ങനെയാണെങ്കിൽ ഒറ്റത്തവണയെ നിനക്ക് ആ രൂപത്തെ കാണാൻ സാധിക്കൂ. ഇതിപ്പോ മൂന്നുതവണ മോള് കണ്ടിരിക്കുന്നു!!
എന്റെ ഊഹം ശരിയാണെങ്കിൽ, ആത്മാവിന് മോക്ഷംലഭിക്കാത്ത ഏതോ ഒരാത്മാവ്.”

“ദേ, മുത്തശ്ശാ മനുഷ്യനെ ഒരുമാതിരി പേടിപ്പിക്കാൻ നോക്കല്ലേ. അല്ലെങ്കിലേ ഞാൻ നെട്ടിളകിയിരിക്യാ…”

ഭയത്തോടെ ഗൗരി പറഞ്ഞു.

“ഹഹഹ, ഇന്ന്
മന്ത്രികപ്പുരയിൽ പ്രത്യേക പൂജയുണ്ട്, അതുകഴിഞ്ഞാൽ നിനക്ക് ഞാനൊരു ചരട് ജപിച്ചുതരാം. അത് പുണ്യാഹംകൊണ്ടുകഴുകി ശുദ്ധിവരുത്തി വലതുകൈയിൽ കെട്ടണം. മാസമുറയെത്താറാകുമ്പോൾ അതഴിച്ചുവച്ച്
ആ ഏഴുനാൾ, മനയിൽനിന്ന് പുറത്തിറങ്ങാതെ മുറിയിലിരിക്കണം.
അങ്ങനെയാണെങ്കിൽ നിന്നെ പിന്തുടരുന്ന ആ കറുത്തരൂപത്തെ മുത്തശ്ശൻ കാണിച്ചുതരാം.”

സത്യമെന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഗൗരി സമ്മതിച്ചു.

“നാളെ, അമ്മു വരുന്നുണ്ട്.
അവൾടെ സ്കൂളുപൂട്ടി, ഇനി നിന്റെകൂടെ ണ്ടാകും കുറച്ചൂസം.”

ഗൗരിയുടെ അച്ഛൻപെങ്ങളുടെ മകളാണ് അമ്മു.
കുഞ്ഞുന്നാളിൽകണ്ട ഓരോർമ്മയേയുള്ളൂയെങ്കിലും
അച്ഛൻ ഇടക്കുനാട്ടിൽവരുമ്പോൾ എടുക്കുന്ന ഫോട്ടോയിൽ കണ്ട പരിജയവും ഫോണിലൂടെയുള്ള സംസാരവുംകൊണ്ട് അടുത്തറിയാം.

“ഉവ്വോ, ”
സന്തോഷത്തോടെ ഗൗരി മുത്തശ്ശന്റെ കവിളിൽ ചുംബിച്ചുകൊണ്ട് എഴുന്നേറ്റു.

“പിന്നെ, അംബികയോട് കൂടുതലൊന്നും ചോദിക്കരുത്. നിനക്ക് ന്തേലും സംശയം ണ്ടെങ്കിൽ ന്നോട് ചോദിക്ക്യാ..”

“മ് “

അതിനുമറുപടിയായി അവൾ ഒന്നുമൂളുകമാത്രമേ ചെയ്തൊള്ളൂ.

“എന്നാ അത്താഴം കഴിച്ചിട്ട് കിടന്നോളൂ.”

Leave a Reply

Your email address will not be published. Required fields are marked *