ഞങ്ങൾ സന്തുഷ്ടരാണ് (NEETHU)

Posted by

എത്ര തവണ ഞാൻ പറഞ്ഞിരിക്കുന്നു ഉത്സവം കൂടാൻ ഓരോന്ന് പറഞ്ഞു ഒഴിയും .അഖിലേട്ടാ ഒരുനാടിന്റെ ഒരുവർഷത്തെ കാത്തിരിപ്പാണ് ഉത്സവം .ഒത്തുകൂടലാണ് ഉത്സവം പരസ്പര സ്നേഹത്തിന്റെ ഐയ്ഖ്യത്തിന്റെ കാത്തിരിപ്പിന്റെ സംഗമമാണ് ഉത്സവം .അത് മനസ്സിലാക്കണമെങ്കിൽ ഒരിക്കലെങ്കിലും അതനുഭവിക്കണം ഒരു ദേശം മുഴുവൻ ഒന്നാകുന്ന അസുലഭനിമിഷം .പരാതിയും പരിഭവവും മറന്നു പരസ്പരം ഒന്നാകുന്നു ഒരു നാടുമുഴുവൻ .പല കരയിലുള്ളവർ ദേവിയുടെ മുന്നിൽ കെട്ടുകാഴ്ചകളുമായി എല്ലാം മറന്നു ആഘോഷിക്കുന്ന ദിനം .വർണങ്ങൾ വിരിയുന്ന രാവ് .വീടുകളിൽ അകലങ്ങളിലുള്ളവർക്കായി ഭക്ഷണങ്ങൾ ഒരുക്കി അവരെ വരവേൽക്കാൻ മത്സരിക്കുന്ന രാവ് .ഉത്സവങ്ങൾ വെറും കെട്ടുകാഴ്ചകൾ മാത്രമല്ല കുടുംബങ്ങളുടെ ഒത്തുകൂടൽ കൂടിയാണ് .സമൂഹത്തിന്റെ ഒത്തുകൂടലാണ് .വിവാഹം കഴിഞ്ഞു പോയവരും വിവാഹം കഴിച്ചു വന്നവരും എല്ലാവരും സംഗമിക്കുന്ന പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുന്ന വേദിയാണ് .അവിടെ മത്സരമില്ല പരിഭവമില്ല ചതിയില്ല സ്നേഹം മാത്രം .ഒരു ജനത കാത്തിരിക്കുന്നതും അതിനുവേണ്ടിയാണ് .മനസ്സിനും കണ്ണിനും കുളിരാണ് ആ കാഴ്ചകൾ .മറ്റൊന്നും അപ്പോൾ ചിന്തിക്കില്ല എല്ലാം മാറാനുള്ള മറക്കാനുള്ള രാവാണ് .എല്ലാ വിഷമങ്ങളും സങ്കടങ്ങളും മറന്നു മനസ്സുനിറഞ്ഞു ആഘോഷിക്കുന്ന രാവ് .അഖിലേട്ടൻ പറയുന്നപോലെ കുപ്പിവളയും കണ്മഷിയും വാങ്ങാൻ എന്തിനാ ഉത്സവത്തിന് പോകുന്നത് എന്നാരും പറയാറില്ല .കുപ്പിവളയും കണ്മഷിയും വാങ്ങാനല്ല ഉത്സവത്തിന് പോകുന്നത് ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലാണ് ഓരോ ഉത്സവവും നമ്മളിൽ നമ്മളറിയാതെ ലഭിക്കുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ട് അത് വേറൊരിടത്തുന്നും ലഭിക്കില്ല അത്രയും ആവേശം നിറഞ്ഞതാണ് ഉത്സവം .ഇത്തവണയെങ്കിലും അഖിലേട്ടൻ എന്റെ കൂടെ വരണം ഉത്സവം കാണണം അപ്പൊ മനസ്സിലാകും ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് .

നിന്നെ ഇത്രയും ആവേശത്തിൽ ഞാൻ കണ്ടിട്ടില്ലല്ലോ രേണു

അതങ്ങനെയാണ് അഖിലേട്ടാ നാടിനെ കുറിച്ചുള്ള ഓർമ്മകൾ ആരിലായാലും ആവേശം ജനിപ്പിക്കും പ്രത്യേകിച്ച് നാട്ടിൽ നിന്നും പിരിഞ്ഞു ജീവിക്കുമ്പോൾ .നമ്മുടെ കല്യാണത്തിന്റെ തലേ ദിവസം ഞാനെന്നും ഓർക്കും .ഇവിടെയുള്ള കല്യാണങ്ങൾ കാണുമ്പോൾ .സത്യത്തിൽ ഇവിടെ നടക്കുന്നത് കല്യാണം തന്നെയാണോ എന്ന് ഞാൻ ചിന്തിക്കാറുണ്ട്

അതെന്താ കല്യാണത്തിന് പ്രത്യേകത

നാട്ടിൻപുറത്തെ കല്യാണങ്ങൾ തികച്ചും വ്യത്യസ്തമാണ് .വീട് വൃത്തിയാക്കുന്നതും പന്തലിടുന്നതും സാധനങ്ങൾ വാങ്ങിക്കുന്നതിനും എല്ലാത്തിനും സഹായം ചെയ്യാൻ അയല്പക്കത്തുള്ളവരും സുഹൃത്തുക്കളും മുഴുവൻ സമയവും ഉണ്ടാവും .അയല്പക്കത്തെ പെണ്ണുങ്ങൾ മുഴുവൻ കല്യാണ വീട്ടിൽ ഉണ്ടാവും ഭക്ഷണം പാകം ചെയ്യാൻ സഹായിച്ചും പത്രങ്ങൾ കഴുകിയും വീട് അടിച്ചു തുടക്കാനും അങ്ങനെ എന്തിനും .വീട്ടുകാർ ഒന്നിന്നും ബുദ്ധിമുട്ടേണ്ടി വരാറില്ല .കല്യാണ ദിവസം ആളുകളെ സ്വീകരിക്കാനും അവർക്കു കുടിക്കാൻ വെള്ളം നൽകാനും സദ്യക്ക് വിളമ്പാനും ഒന്നിനും ആരെയും ആശ്രയിക്കേണ്ടി വരാറില്ല .കല്യാണത്തിന് വരുന്നവർ മുഴുവൻ ആ നാടിന്റെ അതിഥികളാണ് .

Leave a Reply

Your email address will not be published. Required fields are marked *