യക്ഷയാമം 3

Posted by

യക്ഷയാമം 3

YakshaYamam Part 3 bY വിനു വിനീഷ് | Previous Parts

ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടുമ്പോഴും
മുത്തശ്ശൻ പറഞ്ഞ വാക്കുകളായിരുന്നു
അവളുടെ മനസ്സിൽ.

കണ്ണുകളടച്ച് ഗൗരി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കാൻ തുടങ്ങി.

“ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.”

“ഗൗരി, ഗൗരീ….”
അഞ്ജലി നീട്ടി വിളിക്കുന്നതുകേട്ട ഗൗരി അഞ്ജനം വാൽനീട്ടിയെഴുതിയ മിഴികൾ ഭയത്തോടെ പതിയെ തുറന്നു.

“താര… അവൾ… ഞാൻ… ”
ഭയം ഉടലെടുത്ത ഗൗരി വാക്കുകൾക്കുവേണ്ടി പരതി.

“ഗൗരി…ഇത് ഞാനാ…”
അഞ്ജലി അവളുടെ തോളിൽ കൈവച്ച് കുലുക്കി വിളിച്ചു.

ഒരു ഞെട്ടലിലെന്നപോലെ അവൾ ശരീരമൊന്ന് കുടഞ്ഞു.

“ദേ പെണ്ണേ, നീയൊരൊന്ന് പറഞ്ഞു മനുഷ്യനെ പേടിപ്പിക്കല്ലേ.?”

അഞ്ജലി ദേഷ്യത്തിലാണ്ടു.

“അപ്പൊ ഞാൻ കണ്ടത് സ്വപ്നമാണോ?, അതോ എന്റെ തോന്നാലോ…?”

അഞ്ജലിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കികൊണ്ട് അവൾ ഭയത്തോടെ ചോദിച്ചു.

“കുന്തം…. എണീറ്റ് വാടി, നിനക്ക് രാവിലെപോകാനുള്ള ടിക്കറ്റ് എടുക്കേണ്ടേ?
അതോ നീ പോകുന്നില്ലേ..”

അപ്പോഴും ഗൗരി താൻ കണ്ടകാഴ്ചയിൽനിന്നും
മുക്തിനേടിയിരുന്നില്ല. ഇടക്കിടക്ക് അവൾ അഞ്ജലിയെത്തന്നെ നോക്കിനിന്നു.

“കാവിലമ്മേ…. നിക്ക് ന്താ പറ്റിയെ.
അരുതാത്തതൊന്നും വരുത്തിവക്കല്ലേ ദേവീ…”

കുളികഴിഞ്ഞ് രണ്ടുപേരും അക്ബർ ട്രാവൽസിൽ ചെന്ന് ഗൗരിക്കുള്ള ട്രെയിൻ ടിക്കറ്റ് എടുത്തു.
രാവിലെ പോകാനുള്ള തീരുമാനം ടിക്കറ്റ് കിട്ടിയപ്പോൾ പിൻവലിച്ചു.

വൈകുന്നേരം 5.30 നുള്ള കൊച്ചുവേലി എക്സ്പ്രെസിന് സീറ്റ് റിസർവ് ചെയ്ത്
മടങ്ങിവരും വഴി രാത്രിക്കുള്ള ഭക്ഷണവും പൊതിഞ്ഞുവാങ്ങി ലൈബ്രറിയിൽ കയറി വായിക്കാനെടുത്ത പുസ്തകങ്ങൾ തിരികെ ഏൽപ്പിച്ചു.

ഒന്നുരണ്ട് കൂട്ടുകാരികളെയും കണ്ട് യാത്രപറഞ്ഞു ഫ്ലാറ്റിലേക്ക് തിരിക്കുമ്പോൾ സമയം രാത്രി 9.30 കഴിഞ്ഞിരുന്നു

പെട്രോൾ അടിക്കാൻവേണ്ടി ഭാരത് പെട്രോളിയത്തിലേക്ക് അഞ്ജലി തന്റെ കാർ ഓടിച്ചുകയറ്റി.

“രാവിലെ പപ്പയും സഞ്ജും വരുന്നുണ്ട്. ഞങ്ങൾ ഒരുമിച്ചാ പോകുന്നേ..
കാറിലിരുന്നുകൊണ്ട് അഞ്ജലി പറഞ്ഞു.

“ആഹ്‌ഹാ…അവൻ വന്നിട്ടുണ്ടോ.?

“ഉവ്വ്, ശരിക്കും പറഞ്ഞാൽ സഞ്ജുവിനെ കണ്ടിട്ട് 2 വർഷമായി.”

“അപ്പൊ കല്യാണം.”

“ആദ്യം കോഴ്സ് കംപ്ലീറ്റ് ചെയ്യട്ടെ…”
അതു പറഞ്ഞ് അഞ്ജലി ഫോണെടുത്ത് സമയം നോക്കി.

9.45 pm

വാൾപേപ്പറിൽ സഞ്ജുവിന്റെ മുഖം കണ്ട അഞ്ജലി അറിയതൊന്നു പുഞ്ചിരിച്ചു.

പെട്രോൾ അടിച്ച് അഞ്ജലി ഗ്ലാസ് കയറ്റി എസി ഓൺ ചെയ്തു.

പമ്പിൽ നിന്നും അവൾ കാർ ഹൈവേയിലേക്ക് ഇറക്കിയതും മഴ വലിയതുള്ളികളായി പെയ്യാൻ തുടങ്ങി.
വൈകാതെ മഴ അതിന്റെ പൂർണ്ണ രൂപത്തിലെത്തി.

ഘോരമായ ശബ്ദത്തോടുകൂടി ഇടിയും, മിന്നലും ഭൂമിയിലേക്ക് ഒരുമിച്ചിറങ്ങിവന്നത് കാറിലിരുന്നുകൊണ്ട് അവർ രണ്ടുപേരും നോക്കിനിന്നു.

Leave a Reply

Your email address will not be published. Required fields are marked *