രാഘവായനം 2 [പഴഞ്ചൻ]

Posted by

ശബരിമലയിലെ വിശേഷങ്ങൾ വീട്ടിൽ പങ്കുവക്കുന്നതിനിടയിൽ രാഘവ് തന്റെ അടുത്ത ആവശ്യം അറിയിച്ചു…
” അച്ഛാ നാളെ ഞാൻ നമ്മുടെ പഴയ വീട് വരെ ഒന്ന് പോയാലോ എന്ന് ആലോചിക്കാ… ” രാഘവിന്റെ ആവശ്യം കേട്ടപ്പോൾ രഘുവിന് ചിരിയാണ് വന്നത്… ഇവനിങ്ങനെ ഒന്നും ആവശ്യപ്പെടാത്തതാണല്ലോ… ആ എന്തേലും ആവട്ടെ… കുട്ടികൾ തറവാടും പരിസരവുമൊക്കെ കണ്ടിരിക്കുന്നത് നല്ലതാണ്…
” ആ… നിന്റെ ആഗ്രഹമല്ലേ… പോയിട്ടു വാ…” അച്ഛന്റെ സമ്മതത്തിന് അമ്മയും തലയാട്ടി…
അടുത്ത ദിവസം ഉറക്കമുണർന്ന രാഘവ് മുത്തശ്ശിയുടെ കുഴിമാടത്തിനരികിൽ കുറച്ച് സമയം നിന്നു… അപ്പോൾ ഒരു തണുത്ത കാറ്റ് അവനെ തട്ടിത്തലോടി പോയി… മുത്തശ്ശി കാറ്റിന്റെ രൂപത്തിൽ വന്ന് തന്നെ അനുഗ്രഹിക്കുന്നതായി അവന് തോന്നി… അവിടം ഒന്ന് വന്ദിച്ചിട്ട് രാഘവ് യാത്ര തിരിച്ചു…
കൊല്ലത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പിൽ കേറി ചടയമംഗലം സ്റ്റോപ്പിൽ ഇറങ്ങി നടന്ന രാഘവ് ജടായുപ്പാറ 5 കി.മീ എന്ന ബോർഡ് കണ്ട് ആ ഭാഗത്തേക്ക് നടന്നു… തന്റെ പഴയ തറവാട് സന്ദർശിക്കാർ സമയം ഉണ്ടായിരുന്നു എങ്കിലും ഇപ്പോഴത്തെ ലക്ഷ്യം അതല്ലല്ലോ…
ഒരു കിലോമീറ്റർ റോഡിലൂടെ പടിഞ്ഞാറു ഭാഗത്തേക്ക് നടന്നു കഴിഞ്ഞപ്പോൾ JADAYU NATIONAL PARK – 4 KM എന്ന ബോർഡ് കാണാനായി… ഇനി കാടിന്റെ ഭാഗത്ത് കൂടിയുള്ള യാത്രയാണ്… ഒരു നടപ്പാത കാണുന്നുണ്ട്… രാഘവ് ആ വഴിയേ വച്ചു പിടിച്ചു…
ഗൂഗിളിൽ നിന്ന് അവിടേക്കുള്ള യാത്ര കുറച്ച് ദുർഘടം ആണെന്ന് മനസ്സിലാക്കിയതിനാൽ അതിനുതകുന്ന തരത്തിലുള്ള ഹാർഡ് ബ്ലുജാക്കറ്റും ബ്രൗൺ കളർ ടൈറ്റ് ജീൻസും ജംഗിൾ ബൂട്ടും… രാമക്കൽമേട്, ശബരീപീഠം എന്നിവടങ്ങളിലെ രാമപദനം ഏറ്റ മണ്ണ് ശേഖരിച്ച ചില്ലു കുപ്പി ഉൾക്കൊള്ളുന്ന ഷോൾഡർ ബാഗും വഹിച്ചായിരുന്നു രാഘവിന്റെ യാത്ര… കാടിന്റെ ഓരം പറ്റിയാണ് യാത്രയെങ്കിലും മൃഗങ്ങളുടെ ശല്യം ഒന്നും ഉണ്ടായിരുന്നില്ല…
ഇൻറർനെറ്റിൽ ജടായു നാഷണൽ പാർക്ക് എന്ന് ടൈപ്പ് ചെയ്തു കൊടുത്താൽ ഇപ്പോൾ ഈ സ്ഥലത്തിന്റെ എല്ലാ വിവരങ്ങളും അറിയാൻ കഴിയും… ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ നിർമ്മിച്ചു കൊണ്ടിരിക്കുന്ന സ്ഥലമാണ് ഇത്… ഗുരു എന്ന സിനിമയുടെ സംവിധായകൻ രാജീവ് അഞ്ചലാണ് ഇക്കാര്യങ്ങളുട പിന്നിൽ… എല്ലാം നന്നായി വരട്ടെ… ജടായുപ്പാറയിലേക്ക് കേറിത്തുടങ്ങിയപ്പോൾ മുകളിൽ ആ ശിൽപ്പത്തിന്റെ ചെറിയ ഭാഗം കാണാനായി…

Leave a Reply

Your email address will not be published. Required fields are marked *