രാഘവായനം 2 [പഴഞ്ചൻ]

Posted by

” ഞാൻ മൂസ… കൊടുങ്ങല്ലൂർ നിന്നും വരുന്നു… ” അയാൾ തന്റെ നീണ്ട താടിയിൽ തടവിക്കൊണ്ട് പറഞ്ഞു… അയാൾ മുസ്ലീം ആണെന്ന് അറിഞ്ഞപ്പോൾ രാഘവന്റെ മുഖം വിടർന്നു…
” സ്വാമീ… ഇങ്ങിനെ മിഴിച്ച് നോക്കേണ്ട കാര്യമില്ല… ശബരിമലയിൽ വാവരുസ്വാമിയുടെ നടയുണ്ട്… എന്നാലും ഞാൻ പ്രധാനമായും പോകുന്നത് അയ്യപ്പനെ കാണാനാണ്… ശബരിമലയിൽ ആദ്യായിട്ടാണല്ലേ… ” ഒരു കുസൃതിച്ചിരിയോടെ അയാൾ സ്വാമി അയ്യപ്പനും മുസ്ലീമായ വാവരുസ്വാമിയും തമ്മിലുള്ള യുദ്ധവും അതിന്റെ പര്യവസാനത്തിൽ രണ്ടു പേരും തമ്മിൽ പിരിയാനാവാത്ത സുഹൃത്തുക്കളായതും എല്ലാം രാഘവിന് വിവരിച്ചു കൊടുത്തു… ഇതൊക്കെ വളളി പുളളി വിടാതെ കേട്ടെങ്കിലും രാഘവ് തന്റെ വരവിന്റെ ഉദ്ദേശം മൂസയോട് വ്യക്തമാക്കിയില്ല…
അങ്ങിനെ മൂസ കഥ പറയുന്ന കൂട്ടത്തിൽ സീതയെ അന്വോഷിച്ചു വന്ന ശ്രീരാമൻ ഈ മലയിൽ തപസ്സ് അനുഷ്ഠിച്ചിരുന്ന ശബരിയുടെ ആശ്രമത്തിൽ വന്ന കഥയും പറഞ്ഞു… ശബരി ഇവിടെ തപസ്സ് ചെയ്തിരുന്നതു കൊണ്ടാണ് ഇത് ശബരിമല എന്ന് അറിയപ്പെടുന്നത്…
അതിന്റെ കൂടെ ശ്രീരാമൻ ശബരിയുടെ ആതിഥ്യം സ്വീകരിച്ച് ഫലങ്ങൾ ഭക്ഷിച്ചതും എല്ലാം കടന്നു വന്നു… അത് കേട്ട മാത്രയിൽ രാഘവ് താഴെ നിന്നും കുറച്ച് പൊടി മണൽ വാരി തന്റെ ചില്ലു കുപ്പിയിലിട്ട് അതടച്ചു… അതു കണ്ടപ്പോൾ മൂസ ചിരിച്ചു കൊണ്ട് എണീറ്റു…
” അപ്പൊ നിങ്ങൾ സ്വാമിയെ കാണാതെ പോവുകയാണല്ലേ… ശരി… ഞാൻ പോകുന്നു…” പെട്ടെന്നെഴുന്നേറ്റ് മലയേറുന്ന മൂസയെ നോക്കി ഒരു നിമിഷം രാഘവ് അന്തംവിട്ടു നിന്നു… തന്റെ മനസ്സിലുള്ള കാര്യങ്ങൾ ഇയാളെങ്ങിനെ അറിഞ്ഞു… രണ്ടാമതൊന്ന് ആലോചിക്കാതെ രാഘവ് അയാളുടെ പുറകെ വച്ചുപിടിച്ചു…
” എയ് സ്വാമീ… നിങ്ങൾക്കെങ്ങിനെ എന്റെ മനസിലെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു?… ” മൂസയുടെ ഒപ്പം നടന്നെത്തിക്കൊണ്ട് രാഘവ് ആകാംക്ഷയോടെ ചോദിച്ചു…
” ഒന്നില്ലെങ്കിലും ഞാനൊരു വാവരു സ്വാമിയല്ലേ എന്റെ പൊന്നു സ്വാമീ…” ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് മൂസ രാഘവിനേയും കൂട്ടി സന്നിധാനത്തേക്ക് യാത്രയായി… അവർ തമ്മിൽ ചിരകാല സുഹൃത്തുക്കളെ പോലെ ചരിത്രങ്ങളെ ചികഞ്ഞു കൊണ്ട് അയ്യപ്പസന്നിന്ധിയിലേക്ക് യാത്ര തുടർന്നു…
പിറ്റേ ദിവസം അയ്യപ്പദർശനം കഴിഞ്ഞ് മലയിറങ്ങുമ്പോൾ ശബരിമലയുടെ ഐതീഹ്യങ്ങളും വാസ്തവങ്ങളും മനപാഠമാക്കിയിരുന്നു രാഘവ്… തന്റെ ലിസ്റ്റിൽ നിന്ന് ‘ ശബരീപീഠം ’ വെട്ടിക്കളയുമ്പോൾ മനസിനകത്ത് ഒരു അനിർവചനീയ സുഖം തോന്നി രാഘവിന്…

Leave a Reply

Your email address will not be published. Required fields are marked *