അല്ലെങ്കിലും ഇപ്പൊ എട്ടാം ക്ലാസ്സായി. മൂന്ന് കൊല്ലമായി ഇത് മനസ്സിലിട്ട് കൊണ്ടു നടക്കുന്നു. എന്നിട്ടും അത് മനസ്സിലാക്കാത്ത ചെക്കന് ഇത് തന്നെ വേണം. ഇന്ന് മുഴുവൻ ആലോചിക്കട്ടെ. എന്നിട്ട് വിഷമിക്കട്ടെ. അപ്പൊ നാളെ വന്നിട്ട് എന്നെ… നാളെ വന്നിട്ട്? ഒന്ന് ചീത്ത പറയുകയെങ്കിലും ചെയ്താൽ മതിയായിരുന്നു. അവനൊന്ന് ദേഷ്യം പിടിച്ച് നോക്കുമായിരുന്നെങ്കിൽ അതോർത്ത് രാത്രി ഉറങ്ങാതെ കിടന്ന് സങ്കടപ്പെടാൻ കൊതിച്ച പാവം പെണ്ണാണ് ഗായത്രി.
അന്നൊരു ഞായറാഴ്ച്ചയാണ് കളിക്കിടയിൽ സൽമ പറഞ്ഞത്:
“ഇക്കാക്ക ചോയ്ച്ച്ന്ന് പറയാൻ പറഞ്ഞു” അത് കേട്ട ഗായത്രിയ്ക്ക് അതുവരെയുണ്ടായിരുന്ന ഭാരം പകുതി കുറഞ്ഞു. എങ്കിലും എന്തെങ്കിലും ഒക്കെ തിരിച്ചും പറയേണ്ടേ? ” ഉം എന്തിനാ ചോയ്ച്ചത്?”
“അതിക്കറിയുല്ല, നേര്ട്ട് ചോയ്ച്ചോ” സൽമ ഊറിച്ചിരിച്ചാണത് പറഞ്ഞത്.
അന്നുറങ്ങാതിരുന്ന ഗായത്രി പിറ്റേന്ന് സുൽഫിക്കർ തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതിരുന്നതിൽ സൽമയോട് പരാതി പറഞ്ഞു. അതിന് സുൽഫിക്കറിന്റെ മറുപടി സൽമ പറഞ്ഞത് ഇന്നും ഇന്നലെയെന്നോണം മങ്ങാതെ നിൽക്കുന്നു: “അത് ഇക്കാക്ക് മോത്ത് നോക്കാൻ ഇഷ്ടല്ലാണ്ടല്ല ചേച്ച്യേ. ചേച്ചിനെ നോക്കുമ്പൊ മനസ്സില് വല്ലാത്ത ഒരിതാത്രേ.” പിന്നീടങ്ങോട്ട് വാക്കാലുള്ള ദൂതുകളും അതിനുള്ള മറുപടികളും സൽമയുടെ ജോലിയായിരുന്നു.
“ഇഞ്ഞി ഇക്കൊന്നും വെയ്യത്. ഇത്ര കാലായില്ലേ ഇക്കാക്കാട് നേരിട്ട് സംസാരിച്ചോ.” സൽമയുടെ വാക്കുകൾ അസഹനീയതയുടെയല്ല; ഒന്നാവേണ്ടവർ പെട്ടെന്ന് ചേർന്ന് കാണാനുള്ള തിടുക്കമായിരുന്നു പ്രതിഫലിച്ചത്.
അങ്ങിനെ എന്തും വരട്ടെയെന്ന് കരുതി. ഒരു ദിവസം പറയാൻ തന്നെ തീരുമാനിച്ച ഗായത്രി അത് കടലാസിൽ കുറിച്ചിട്ടു. പിറ്റേന്ന് സൽമയുടെ കൈകളിൽ അതേൽപ്പിച്ചു. കുഞ്ഞുപാവാടയും ഒതുക്കി അവൾ ഓടിച്ചെന്ന് സുൽഫിക്കറിനത് ഏൽപ്പിച്ചു. അവൻ വായിക്കുന്നതിനൊപ്പം അവളും ഒളിഞ്ഞും തെളിഞ്ഞും അതൊന്നു വായിക്കാനുള്ള ശ്രമം നടത്തി. പാവത്തിന്റെ ആഗ്രഹം കണ്ട് സുൽഫിക്കർ അവളെയും ചേർത്തിരുത്തി അത് തുറന്ന് വായിച്ചു, “പ്രിയനേ, ഇഷ്ടമായിരുന്നൊരു നൂറുനാളായ്.
ഇനിയും പറഞ്ഞില്ലെങ്കിൽ ചങ്കിലൂടൊരു വസ്തുവും ഇറങ്ങാതായിരിക്കുന്നു. അതുകൊണ്ട് പറയുന്നു. ഇഷ്ടമാണെങ്കിലും.., ഇനി അല്ലെങ്കിലും. വെറുക്കില്ലെന്നൊരു വാക്ക് കേൾക്കുവാൻ കൊതിച്ച് സ്വന്തം ഗായത്രി.”
ശരവേഗത്തിൽ അതിന്റെ മറുപടിയുമായി വന്ന ഉമ്മുസൽമ്മ പിന്നെ അവിടെ നിന്നില്ല. ഇനി അവരായ്ക്കോട്ടേന്ന്.