അജ്ഞാതന്‍റെ കത്ത് 9

Posted by

അലോഷി ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ടു സെറ്റിയിൽ വന്നിരുന്നു.

“അതെല്ലാം എനിക്ക് വന്ന കൈപ്പിഴ.മെഡിസിൻ നമ്പർ 1 ന്റെ ഫോർമുല നഷ്ടമായതിനാൽ കുറേ പരിശ്രമിച്ചു. വണ്ണിലേക്കുള്ള മെഡിസിൻ കണ്ടന്റിലെ അപര്യാപ്തത നൽകിയത് ആയൊരു അവസ്ഥ. ദിവസങ്ങളോളം ബോധം നഷ്ടമായി മരണം സംഭവിക്കും.”

“പക്ഷേ അങ്ങനെ വന്നവരൊന്നും മരണപ്പെട്ടില്ലല്ലോ…. “

” ഇല്ല. അതിന്റെ മറു മരുന്ന് കൂടിയാണ് എന്റെ ശ്രമത്തിൽ വിജയം കണ്ടത്. മരണപ്പെട്ടവരുടെ ബോഡിയിൽ നിന്നും ശരീരത്തിൽ കലർന്ന വിഷം തിരിച്ചറിയാൻ കഴിയില്ലെങ്കിലും ബ്രയിനിൽ സംഭവിച്ച മാറ്റം പോസ്റ്റ്മോർട്ടത്തിൽ മനസിലാവുമെന്ന ഭയം എനിക്കുണ്ടായി. അതു കൊണ്ടാണ് സജീവിന്റെ ബോഡി വരെ ഞാൻ മാറ്റിയത്.”

സഖറിയ നിർത്തി. അച്ഛൻ കണ്ടെത്തിയത് എത്രമാത്രം ശരിയായിരുന്നു. ഞാൻ അച്ഛന്റെ യൂനുസ്ഖന്ന കേസ് റിപ്പോർട്ട് ഓർത്തു.

” ഈ മെഡിസിൻ ഇൻജക്റ്റ് ചെയ്താൽ അഞ്ചു മിനിട്ടിനുള്ളിൽ ബോധം നഷ്ടമാവും അങ്ങനെയല്ലേ?”

എന്റെ ചോദ്യത്തിന് സഖറിയ അതെ എന്ന മട്ടിൽ തലയാട്ടി

“വേദയും സുഹൃത്തുക്കളും എത്തുന്നതിന് രണ്ട് മിനിട്ട് മുന്നേ അവിടെ നാൻസി എത്തിയിരുന്നു. പക്ഷേ മരണം അവനെയും കൊണ്ട് താഴേക്ക് പോയിരുന്നു എന്ന സത്യം അറിഞ്ഞവൾ ഇറങ്ങിയോടുമ്പോഴും ആ മുറിയിൽ നീയുണ്ടായിരുന്നു. സഖറിയാ. കോറീഡോറിലൂടെ മങ്കി ക്യാപ് വെച്ച് നടന്നു പോയ അറടി പൊക്കക്കാരനെ തിരിച്ചറിഞ്ഞത് ഗേറ്റിലെ സെക്യൂരിറ്റിയാണ്.കാരണം നീ വെറുമൊരു സാധാരണക്കാരനായിട്ടാണ് അകത്ത് കടന്നത്. ഗേറ്റിൽ നിന്ന സെക്യൂരിറ്റിക്ക് നീയുപയോഗിക്കുന്ന സിഗരറ്റ് നൽകിയതിനാൽ മാത്രം അയാൾ നിന്നെ നന്നായി ഓർത്തു വെച്ചു.സംസാരത്തിനിടയിൽ നിന്റെ പേരും നമ്പറും എഴുതിക്കാനും അയാൾ മറന്നതിനാൽ പോലീസിൽ ഈ കാര്യം പറയാൻ ഭയന്നു. എന്താ ശരിയല്ലേ….”

അലോഷി നിർത്തി. സഖറിയ ശരിവെച്ചു.അപരിചിതമായ വാഹനം കടന്നാൽ വണ്ടി നമ്പർ എഴുതിയിടുന്ന പതിവ് ഉള്ളതുപോലെ അപരിചിതരായ വിസിറ്റേഴ്സിന്റെ നമ്പർ നോട്ട് ചെയ്യാറും ഉണ്ട് എന്നത് ഞാനപ്പോൾ ഓർത്തു.

“സജീവിനെ കൊല്ലാനുള്ള പ്ലാൻ എപ്പോൾ എന്തിന്?”

അലോഷി സെറ്റിയിലേക്കമർന്നിരുന്നു.
പുറത്തൊരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടു .
സഖറിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു..

“ചതി”

എന്റെ അന്തരംഗം മന്ത്രിച്ചു.
ബൂട്ടുകളുടെ ശബ്ദം മുഴങ്ങി.ഡോർ വഴി കാക്കി യൂണിഫോമുകൾ മുറിയിൽ കയറി. Acp – രേണുകാ മേനോൻ. കത്തുന്ന പകയോടെ അവർ എന്നെ നോക്കി. തൊട്ടു പിന്നിൽ CI നൈനാൻ കോശി. ആ ചുണ്ടിൽ വിജയ സ്മിതം. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കാല് തറയിൽ കുത്താനാവാതെ വേദനയോടെ ഞാൻ ഞെരങ്ങി തറയിൽ വീണു.

” പ്രശാന്ത്, വേദയെ എത്രയും വേഗം ഹോസ്പിറ്റൽ എത്തിക്കൂ.”

“കുഴപ്പമില്ല”

ഞാൻ തടഞ്ഞു.
പ്രശാന്ത് എന്നെ എഴുന്നേൽപിച്ചു നിർത്താൻ ശ്രമിച്ചു. പക്ഷേ ഇടതുകാലിന്റെ ബലം പൂർണമായും നഷ്ടപ്പെട്ടതു പോലെ മരവിച്ചിരുന്നു. ഞാൻ സെറ്റിയിലേക്കിരുന്നു.
Acpയുടെ നിർദ്ദേശ പ്രകാരം കൂടെ വന്ന പോലീസുകാരൻ സഖറിയയുടെ കൈകളിൽ വിലങ്ങണിയിച്ചു.

“എത്രയും വേഗം ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോകൂ.”

പറയുമ്പോൾ Acp യുടെ മുഖം അലോഷിടെ മുഖത്തായിരുന്നു.. പോലീസുകാരാൻ സഖറിയയുടെ തോളിൽ പിടിച്ചു.

“അങ്ങനെ പോയാലെങ്ങനെ ശരിയാവും മേഡം.”

അലോഷി പതിയെ എഴുന്നേറ്റു. Acp സംശയത്തിൽ കണ്ണുകൾ കുറുക്കി അലോഷിയെ നോക്കി.

” ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട്. അത് കഴിഞ്ഞിട്ട് പോയാൽ പോരെ?”

ചുണ്ട് കോട്ടിയ പുച്ഛച്ചിരിക്കൊപ്പം രേണുക പറഞ്ഞു.
ഞങ്ങളീ യൂണിഫോം ഇട്ടിവിടെ ഇരിക്കുന്നത് ചെരയ്ക്കാനല്ല Mrഅലോഷ്യസ് .ഹോസ്പിറ്റൽ കേസിനു വേദയെ കൂടി ഞാൻ കൊണ്ടു പോവുന്നു.”

അവർ എനിക്കടുത്തേക്ക് നീങ്ങി വന്നു.

“വേദയെ മേഡം കൊണ്ടു പോകില്ല.. “

ആ ശബ്ദത്തിനുടമ നൈനാൻ കോശിയായിരുന്നു. പിന്തിരിഞ്ഞു നോക്കിയ രേണുകയും ഞെട്ടി. നെറ്റിക്കു നേരെ ചൂണ്ടിയ CI യുടെ സർവ്വീസ് റിവോൾവർ.

Leave a Reply

Your email address will not be published. Required fields are marked *