അജ്ഞാതന്‍റെ കത്ത് 2

Posted by

” സുനിതേച്ചീ ഞാനിറങ്ങു വാ “

“അപ്പൂ നീ കഴിച്ചില്ലല്ലോ?”

സുനിത പരാതി.

” സമയമാവണല്ലേയുള്ളൂ, വഴീന്ന് കഴിച്ചോളാം. ചേച്ചി കാറിന്റെ കീയെടുത്ത് ജോണ്ടിയുടെ കൈയിൽ കൊടുക്ക്.”

ബേഗിലേക്ക് ലാപ്ടോപ്പ് കുത്തിക്കയറ്റുന്നതിനിടയിൽ ഞാൻ പറഞ്ഞു.

“എനിക്ക് മാത്രമായി എന്തിനാ വച്ചുണ്ടാക്കുന്നത്.? ഞാനിനി വച്ചുണ്ടാക്കുന്നത് നിർത്തി “

കീയുമെടുത്ത് സിറ്റൗട്ടിലേക്ക് പോകുമ്പോൾ സുനിത പിറുപിറുത്തു.
സുനിതയോട് പറഞ്ഞ് തിടുക്കപ്പെട്ട് ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു.

” എങ്ങോട്ടാ വരദാ മാഡം?”

ശബ്ദം കേട്ട് ഞെട്ടി.അരവിന്ദിന്റെ ശബ്ദം. ഡ്രൈവിംഗ് സീറ്റിൽ അരവി.
സന്തോഷം തോന്നി വല്ലാതെ. ഇന്നോളം എല്ലാത്തിനും കൂടെയുണ്ടാവുന്ന സൗഹൃദം ഒരിക്കൽ കൂടി തെളിയിച്ച് അരവിന്ദ്.
പിന്നിലിരിക്കുന്ന ജോണ്ടിയുടെ കൈകളിലേക്ക് ബേഗ് നൽകി ഞാൻ പറഞ്ഞു.

” പാലക്കാട് “

” എനിക്കറിയാരുന്നു. പ്രമീക്ഷയ്ക്ക് പിന്നാലെ ല്ലെ?”

“അതെ. ആ അഡ്രസ്സ് മാത്രമാണ് മുന്നിലുള്ള കച്ചിത്തുരുമ്പ് .അതിൽ നിന്നും തുടങ്ങണം. എന്തിന്? ആര്? എന്നെല്ലാം”
ഷൊർണൂർ കഴിഞ്ഞപ്പോൾ ചെറുതായി മഴ തുടങ്ങി. വരണ്ടുണങ്ങിയ നിളയുടെ മാറ് ഇനിയും പിറക്കാത്ത മക്കൾക്കായ് കാത്തു തുടങ്ങിയിരുന്നു.
നീരു വറ്റിയ മണൽത്തരികൾ ആർത്തിയോടെ മഴമേഘങ്ങളെ നോക്കി.
പാലക്കാട് എത്തിയപ്പോൾ പത്ത് കഴിഞ്ഞു.

“വേദ ഇനിയെങ്ങോട്ടാ?”

അരവിയുടെ ചോദ്യം.

“കടുക്കാംകുന്ന്. അതിനു മുന്നേ നമുക്കെന്തെങ്കിലും കഴിക്കാം.”

എതിരെയുള്ള ചെറിയ ഹോട്ടലിൽ നിന്നും ചായയും ദോശയും കഴിച്ച് വീണ്ടും യാത്ര തിരിച്ചു.
മുന്നോട്ട് പോവുംതോറും ഗ്രാമത്തിന്റെ പച്ചപ്പുണങ്ങിയ കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ കണ്ടു.

എതിരെ വന്ന ഒരാളോട് പ്രമീക്ഷയുടെ വീട് ചോദിച്ചു.
അയാൾ അറിയില്ലെന്ന് പറഞ്ഞിട്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *