മനപ്പൂർവ്വമല്ലാതെ 2

Posted by

” എടാ നീയെന്തായാലും പേടിക്കണ്ട, അവള് പട്ടരാണെന്നു എനിയ്ക്കു തോന്നുന്നില്ല.!” ഷമീർ പിന്നെയും എന്റടുത്തു വന്നു പറഞ്ഞു

 

” അതെന്താണ്ടാ..?” ഞാൻ വളരെ ആകാംഷയോടെ അവനോടു ചോദിച്ചു

 

” അല്ല പട്ടരിൽ പൊട്ടരില്ല എന്ന് ഇയ്യ കേട്ടട്ടില്ലേ, ഓള് നിന്നെ പ്രേമിക്കണില്ലേ , അപ്പൊ തന്നെ ആ വാദം പൊളിഞ്ഞില്ലേ.!” അവൻ എന്നെ നോക്കി ആക്കി ചിരിച്ചു

 

” എണീറ്റ് പോയെടാ മൈരേ..” എന്നും പറഞ്ഞു ഞാൻ അവനെ ഇരുന്നുകൊണ്ട് ചവിട്ടി, അവൻ അത് കൊള്ളാതെ വളരെ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി

 

ഭക്ഷണമെല്ലാം കഴിഞ്ഞു ഞങ്ങൾ എണീറ്റു, പക്ഷെ അനു വെജിറ്റേറിയൻ ആണെന്നുള്ളത് എനിക്കൊരു പുതിയ അറിവായിരുന്നു,

സ്വന്തം വയറു മറന്നുള്ള പ്രേമം വേണമോ.? എന്റെ വയറും ഹൃദയവും പിന്നെയും എന്റെ തലച്ചോറിനെ പിടിച്ചു വലിക്കാൻ തുടങ്ങി, ഏകദേശം എന്റെ വയറു ജയിക്കാറായ നിമിഷമാണ്, എന്റെ അടുക്കലേക്കു താര വന്നത്

 

” എടാ സുനി, നീയൊന്നു വന്നേ എനിയ്ക്കു കുറച്ചു സംസാരിക്കാനുണ്ട്..” അവൾ പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചു

ഞാൻ പെട്ടെന്ന് അനുവിനെ പരതി, ക്ലാസ് മുറിയിലൊന്നും അവളെ കാണുന്നില്ല, എന്റെ നോട്ടം പെട്ടെന്നു പോവുന്നത് കണ്ട താര പെട്ടെന്ന് എന്റെ അടുക്കലേക്കു നീങ്ങി വന്നു സ്വകാര്യമെന്നോണം പറഞ്ഞു

 

” അനുവിനെ ആണ് നോക്കുന്നതെങ്കിൽ പേടിയ്ക്കേണ്ട അവൾക്കു അറിയാം.!” ഞാൻ ഞെട്ടി അപ്പോൾ ഇവൾക്കും അറിയാമോ.? ഞാൻ പിന്നെ ഒന്നും മിണ്ടാതെ താരയുടെ കൂടെ ചെന്നു,

 

അവൾ മുറിയുടെ ഒരു മൂലയിലേക്ക് എന്നെ വിളിച്ചുകൊണ്ട് പോയി, ചുറ്റും ആരുമില്ല എന്ന് നോക്കി ഉറപ്പാക്കി.,

“എടാ സുനി, ഞാൻ മനപൂർവ്വമാണ് വേഷം വിട്ടുകളഞ്ഞതെന്നു നിനക്ക് തോന്നുന്നുണ്ടോ.?” അവൾ എന്നെ നോക്കി ചോദിച്ചു

ഞാൻ ഒന്നും മനസിലാവാതെ അവളെ നോക്കി

 

” എടാ എന്റെ ബേസ്ഡ് ഫ്രണ്ടാണ് അനു, അവൾ ഇന്നലെ സംഭവിച്ചതെല്ലാം എന്നോട് പറഞ്ഞു, ഇന്നലെ അവൾ ഒരുപാട് കരഞ്ഞു, അതും നിനക്ക് വേണ്ടി, എനിയ്ക്കു അത് കണ്ടു നിക്കാൻ പറ്റാത്തൊണ്ടാണ് ഞാൻ ഇന്ന് ടീച്ചറോട് അങ്ങനെ പറഞ്ഞത്, ഞാനൊരു കാര്യം പറയാം, ഇനി നീയായിട്ടു അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീരെങ്ങാനും വീഴ്ത്തിയാൽ, അമ്മയാണെ നിന്നെ ഞാൻ തല്ലി  കൊല്ലും,

പാവമാ എന്റെ അനു, മുൻശുണ്ഠി ഉണ്ടെന്നൊഴിച്ചാൽ, പൊന്നു പോലത്തെ മനസ്സാ അവളുടേത്.. അവളെ നീ ഒരിക്കലും വിഷമിപ്പിക്കല്ല്, എന്റെ അപേക്ഷയാണ്.!” അവൾ പെട്ടെന്ന് എന്റെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു

 

എനിയ്ക്കു എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി,

അവൾ എന്റെ കൈയിൽ നിന്നും പിടി വിട്ടുകൊണ്ട് മാറി പോവാനൊരുങ്ങി

 

” ആ പിന്നെയൊരു കാര്യം, അവള് കുറച്ചു നാളായി എന്റെ വീട്ടിൽ വരുമ്പോൾ അമ്മച്ചിയുടെ കൂടെ കൂടി കുറെ നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിക്കുന്നത്, ഞാനും കരുതി അവളൊട്ടു  കഴിക്കുന്നതുമില്ല, ഇതാർക്കുവേണ്ടിയാണ് എന്ന്, ഇപ്പോഴാണ് ആർക്കുവേണ്ടിയാണ് എന്ന് മനസിലായത്,

എന്റെ പൊന്നു സുനി, അവൾ ഇപ്പൊ നിന്നെ ഒരുപക്ഷെ അല്ല ഉറപ്പായും അവളുടെ ജീവനേക്കാൾ അധികം സ്നേഹിക്കുന്നുണ്ട്, എനിക്കവളെ അറിയാവുന്നതുകൊണ്ടാണ് ഞാനിതു പറയുന്നത്, നീ ഭാഗ്യം ചെയ്തവനാടാ, അവളേ പോലൊരു പെണ്ണിനെ കിട്ടാൻ..!”

Leave a Reply

Your email address will not be published. Required fields are marked *