നിങ്ങൾ നല്ലതോ ചീത്തയോ ….മനസ്സിലാക്കാൻ ചില വഴികൾ

Posted by
ഓരോ വ്യക്തിയെയും വ്യത്യസ്തമാക്കുന്നത്  അവരുടെ രൂപം കൊണ്ട് മാത്രമല്ല . അവരുടെ സ്വഭാവവും  വ്യക്തിത്വവും കൊണ്ട് കൂടിയാണ്. എങ്ങിനെയാണ് നമ്മളില്‍ നല്ല സ്വഭാവം ഉണ്ടാകുന്നത്, നല്ല സ്വഭാവം നമ്മുടെ ജീവിതത്തില്‍ ഉണ്ടായില്ലെങ്കില്‍ അതുകൊണ്ട് നമുക്കുണ്ടാവുന്ന ദോഷങ്ങള്‍ എന്തൊക്കെയാണ് എന്ന് അവനവൻ തന്നെ അറിഞ്ഞിരിക്കേണ്ടതാണ്.നാം ആരെന്ന ചോദ്യത്തിന്റെ മറുപടി നമ്മുടെ സ്വഭാവം എന്നാണ്. നല്ല സ്വഭാവം നല്ല വ്യക്തിത്വത്തെയും ചീത്തസ്വഭാവം ചീത്ത വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കുന്നു. മനസ്സുമായിട്ടാണ് സ്വഭാവത്തിന്റെ ബന്ധം. മനസ്സ് നന്നായാല്‍ സ്വഭാവം നന്നാവും. സ്വഭാവം നന്നായാല്‍ ജീവിതം നന്നാവും.മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന്റെ കെട്ടുറപ്പിനും വിജയത്തിനും ഉത്തമഗുണങ്ങള്‍ അനിവാര്യമാണ്. മുതിര്‍ന്നവരോട് ബഹുമാനവും സമപ്രായക്കാരോട് സൗഹൃദവും കുട്ടികളോട് വാത്സല്യവും കാത്തുസൂക്ഷിക്കുക. ആത്മനിയന്ത്രണത്തിന്റെയും ഉദാരതയുടെയും സ്‌നേഹത്തിന്റെയും ഉടമയാവുക. വിനയത്തോടും മാന്യതയോടും കൂടിയായിരിക്കണം സഹജീവികളോടുള്ള പെരുമാറ്റം. ആദരവോടും ആത്മാര്‍ഥതയോടും കൂടിയാവണം മറ്റൊരാളോടുള്ള സമീപനം. ഈ കുലീന സമീപനം നിത്യം നിലനിര്‍ത്തുമ്പോഴാണ് ഒരാള്‍ ആദരിക്കപ്പെടുന്നത്. മുന്‍വിധിയോടെ ഒരാളെയും സമീപിക്കരുത്. മുന്‍വിധികള്‍ സ്ഥാനം പിടിച്ച മനസ്സ് മലിനമാണ്. മുന്‍വിധികളില്‍ ബന്ധിതനാവാതെ ജീവിതത്തെ കരുപിടിപ്പിക്കണം. മറ്റുള്ളവരെ ശല്യം ചെയ്യരുത്. നിങ്ങളുടെ പ്രതികൂലമായ ഇടപെടല്‍ കൂടാതെ ജീവിതചക്രത്തെ ചലിപ്പിക്കാന്‍ മറ്റുള്ളവരെ അനുവദിക്കുക. സ്വേഛാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശത്രുക്കളെയാണ് സമ്പാദിക്കുന്നത്. അതുപോലെ മറ്റുള്ളവരോട്  സംസാരിക്കുമ്പോൾ  (പ്രത്യകിച്ചും എതിർ ലിംഗത്തിൽപ്പെട്ടവരോട് ) കണ്ണിൽ നോക്കി തന്നെ സംസാരിക്കുക. നോട്ടം മറ്റു ശരീര ഭാഗങ്ങളിലേക്ക്  പാളിയാൽ അത് നിങ്ങളുടെ സ്വഭാവത്തെ തെറ്റായരീതിയിൽ  ചിത്രീകരിക്കും .

Leave a Reply

Your email address will not be published.